സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുസഭകളും നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. 

ദില്ലി: റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് അമിത് ഷാ. കോണ്‍ഗ്രസിന്‍റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്നാണ് അമിത് ഷായുടെ പ്രതികരണം. താല്‍ക്കാലിക ലാഭത്തിനായി രാഹുല്‍ ഗാന്ധി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നെന്നും അമിത് ഷാ പ്രതികരിച്ചു.

ജനങ്ങളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചതായും രാജ്യത്തെ ജനങ്ങളോട് സൈനികരോടും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ആരാണ് ഇത്തരം നുണകള്‍ പറഞ്ഞുതന്നതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു. റഫാലിനെ കുറിച്ച് എത്ര സമയം വേണമെങ്കിലും പാർലമെന്‍റില്‍ സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും കോൺഗ്രസിനെ വെല്ലുവിളിക്കുന്നതായും അമിത് ഷാ പറഞ്ഞു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുസഭകളും നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതി വിധി.

റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നുമാണ് സുപ്രീം കോടതിയുടെ തീരുമാനം.