മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും. ബി.ജെ.പി നേതൃയോഗത്തിലും കേരളത്തിലെ എന്‍.ഡി.എ യോഗത്തിലും അമിത് ഷാ ഇന്ന് പങ്കെടുക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള വിവിധ മത മേലധ്യക്ഷ്യന്‍മാരുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ബി.ജെ.പിയെയും എന്‍.ഡി.എയും സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മൂന്നു ദിവസംനീണ്ടു നില്‍ക്കുന്ന കേരള സന്ദര്‍ശനം. രാവിലെ പത്തരയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ ഉച്ചയ്‌ക്ക് 12 മണിയോടെ എറണാകുളം ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കും. സാമുദായിക ശക്തികളെയും പ്രമുഖ വ്യക്തികളെയും പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും. ഉച്ചതിരിഞ്ഞ് എന്‍ഡിഎ യോഗവും നടക്കും. വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിലുള്ള അതൃപ്തി ബി.ഡി.ജെ.എസിനുണ്ട്. ദേശീയ അധ്യക്ഷന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ബി.ഡി.ജെ.എസിന്റെ പരാതി ചര്‍ച്ചചെയ്യും.
വൈകിട്ട് നാല് മണിയോടെ ക്രൈസ്തവ സഭാ മേലധ്യക്ഷ്യന്മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ബീഫ് നിരോധനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സഭയ്‌ക്കുള്ള വിയോജിപ്പ് മത മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ ധരിപ്പിക്കുമെന്നാണ് സൂചന. സഭയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായേക്കും. തൊട്ടുപിന്നാലെ നടക്കുന്ന ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. രാത്രി എട്ടരയോടെ ക്ഷണിക്കപ്പെട്ട അതിഥികളുമായുള്ള കൂടിക്കാഴ്ചയും നടക്കും. ശനിയാഴ്ച തിരുവനന്തപുരത്തേക്ക് പോകുന്ന അമിത് ഷാ ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കും.
