തിരുവനന്തപുരം: കമ്യൂണിസ്റ്റ് ഭീകരതയ്ക്കും ജിഹാദിനുമെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയ്ക്ക് താളമേകാന്‍ അനില്‍ പനച്ചൂരാന്റെയും വിപ്ലവകവിയുടെ മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുമാണ് വരികള്‍.
ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന താരകം എന്നെഴുതിയ പനച്ചൂരാന്റെ വരികളില്‍ ഇനി താമര വിരിയും. വിപ്ളവഗാനങ്ങളുടെ കുലപതിയുടെ മകന്റെ വരികളും ബി.ജെ.പിയുടെ തേരോട്ടത്തില്‍ പങ്കുചേരും. 'പ്രണയം നടിച്ച് ജിഹാദ്‌പൊന്‍ മാരീചനായി വരുന്നു കുഞ്ഞുങ്ങളേ...കരുതുക കരുതുക കരുതിയിരിക്കുക കുരുതിയായിത്തീരാതെ കരുതിയിരിക്കുക....'
അനില്‍ പനച്ചൂരാന്റെ ലൗ ജിഹാദിനെ കുറിച്ചുള്ള വരികള്‍ ഇങ്ങനെ തുടങ്ങുന്നു. കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമയാണ് പനച്ചൂരാന്റെ വരികളില്‍ ലൗ ജിഹാദിനെ പനച്ചൂരാന്‍ വരച്ചു കാട്ടുന്നത്. ജിമ്മക്കി കമ്മല്‍ ഗാനം സൂപ്പര്‍ ഹിറ്റാക്കിയ ശേഷമാണ് പനച്ചൂരാന്‍ ബി.ജെ.പിക്കായി ഗാനം ഒരുക്കിയിരിക്കുന്നത്.
ഭൂമി പിളര്‍ന്നങ്ങ് താഴേണ്ടതാം വിധം ഭാരത സ്ത്രീത്വം ഇന്നെത്തിനിജ ജാനകീ കഥയോര്‍ത്തിടൂ എന്നും ലക്ഷ്മണരേഖ നിന്‍ കാവല്‍'- പനച്ചൂരാന്റെ വരികള്‍ ഇങ്ങനെ നീളുന്നു. ജനരക്ഷായാത്രയുടെ മാര്‍ച്ചിങ് ഗാനം എഴുതിയിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്. ജനഗണമനയുടെ മധുരം ബി.ജെ.പി എന്നു പാടുന്ന ഗാനമാണ് വയലാര്‍ രചിച്ചിരിക്കുന്നത്.
ജെ. നന്ദകുമാര്‍, എന്‍.ആര്‍. മധു എന്നിവരും വരിയെഴുതിയ ഏഴ് ഗാനങ്ങള്‍ കാസറ്റിലുണ്ട്. മധുബാലകൃഷ്ണന്‍, അനൂപ് ശങ്കര്‍ എന്നിവരാണ് ആലാപനം. ജെയ്‌സണ്‍ ജെ. നായരാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് കുമ്മനത്തിന്റെ ജനരക്ഷാ യാത്ര തുടങ്ങുന്നത്. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ തുടങ്ങുന്ന യാത്ര 16ന് തിരുവനന്തപുരത്ത് അവസാനിക്കും. നേരത്തെ തുടങ്ങാനിരുന്ന യാത്ര രണ്ട് തവണ മാറ്റിവച്ചിരുന്നു.
