കേരളത്തില്‍ ബിഡിജെഎസുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായുള്ള സഖ്യം ഗുണം ചെയ്തെന്നും അമിത് ഷാ ദില്ലിയില്‍ പറഞ്ഞു.

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും പ്രതീക്ഷകളും പങ്കുവയ്‌ക്കവെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് വലിയ വളര്‍ച്ചയുണ്ടായെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത്. അസമില്‍ കോണ്‍ഗ്രസിന്‍റെ പതിനഞ്ച് വര്‍ഷത്തെ തകര്‍ത്ത് നല്ല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചതും കേരളത്തില്‍ അക്കൗണ്ട് തുറന്നതും ബിജെപിയുടെ മികച്ച നേട്ടമായാണ് കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യയിലും നോയ്ഡയിലും നടന്ന ബജ്റംഗദള്‍ ക്യാന്പിനെക്കുറിച്ചുള്ള ചോദ്യത്തോട് ബജ്റംഗദള്‍ ബിജെപി അല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. രണ്ടു വര്‍ഷം കൊണ്ട് തന്നെ മോദി സര്‍ക്കാരിന് ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജനം, തൊഴില്‍, കൃഷി എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കിയ സര്‍ക്കാറിനെതിരെ എതിരാളികള്‍ക്ക് പോലും അഴിമതി ആരോപണം ഉന്നയിക്കാനായില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.