കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തിന് നാളെ കോഴിക്കോട് തുടക്കാകും. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായും കോഴിക്കോട്ടെത്തി. സമ്മേളനം കേരള രാഷ്ട്രീയത്തിലും നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് ദേശീയ നേതാക്കള്‍ പറഞ്ഞു.

കരിപ്പൂരിലെത്തിയ അമിത്ഷാക്ക് നേതാക്കളും അണികളും ചേര്‍ന്ന് നല്‍കിയത് ഊഷ്മളമായ വരവേല്‍പ്പ്. അഖിലേന്ത്യാ ഭാരവാഹി യോഗം നടക്കുന്ന കടവ് റിസോ‍‍ര്‍ട്ടിലേക്ക് ഷായെ ആനയിച്ചു. കേന്ദ്രമന്ത്രിമാരും അഖിലേന്ത്യാഭാരവാഹികളുമെല്ലാം മലബാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 

നാളെ തുടങ്ങുന്ന അഖിലേന്ത്യാ ഭാരവാഹി യോഗം മറ്റന്നാൾ വരെ നീണ്ടു നില്‍ക്കും. സംസ്ഥാന പ്രസിഡണ്ട് അടക്കം കേരളത്തില്‍ നിന്നും 4 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കൊപ്പം കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രത്യേക ച‍ര്‍ച്ചയായേക്കും.

പ്രധാനമന്ത്രി ശനിയാഴ്ച ഉച്ചയോടെ നഗരത്തിലെത്തും. അന്ന് വൈകീട്ടാണ് കടപ്പുറത്ത് പൊതുസമ്മേളനം. ഞായറാഴ്ച നി‍‍ര്‍ണ്ണായക കൗണ്‍സിലിലും മോദി മുഴുവന്‍ സമയവും ഉണ്ടാകും. കോഴിക്കോട് കാവി പുതച്ചുകഴിഞ്ഞു.