വിദ്യാര്‍ത്ഥിനിയുമൊത്ത് സ്വകാര്യ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ത അധ്യാപകനെതിരെ പ്രതിഷേധം . ആസമിലെ ഹെയലാക്കണ്ടി ജില്ലയിലെ മോഡല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായ ഫെയ്സുദ്ദീന്‍ ലസ്കറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലേഡ് ചെയ്തത്. ഇയാള്‍ക്കെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ അദ്ധ്യാപകനെതിരെ പരാതി കൊടുത്തിട്ടുണ്ട്. മറ്റൊരും സ്ത്രീയെ ആക്രമിച്ചതിന് നാട്ടുകാര്‍ നേരത്തെ ഇയാളെ മര്‍ദ്ദിച്ചിരുന്നു. കൈയിലെ ഒരു വിരലും അന്നത്തെ മര്‍ദ്ദനത്തിനൊടുവില്‍ നാട്ടുകാര്‍ മുറിച്ചുമാറ്റിയിരുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിവിധ സംഘടനകള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് അദ്ധ്യാപകനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. അദ്ധ്യാപകനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിത്രം സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്ത നസീര്‍ മുഹമ്മദ് എന്നയാള്‍ക്കെതിരെയും കേസെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെ തിരിച്ചറിയാവുന്ന തരത്തില്‍ ഇയാള്‍ ചിത്രം പ്രചരിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോടും വിദ്യാഭ്യാസ സെക്രട്ടറിയോടും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.