വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന  പ്രോസിക്യൂഷന്റെ  വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. 

തൃശൂര്‍: എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണത്തില്‍ ഭർത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. 

കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. ജസ്റ്റിന്റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ പൊലീസ് കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാർ നദിയിൽ നിന്നും എംഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയായ ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാൻ ഭര്‍ത്താവ് ജസ്റ്റിനാണ് ആൻലിയയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആൻലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനായിരുന്നു.