ചേരനെല്ലൂര്‍ കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍

First Published 13, Mar 2018, 2:29 AM IST
Another Arrest on Kochi theft Case
Highlights
  • ചേരനെല്ലൂര്‍ കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി: ചേരാനെല്ലൂരിലെ വീട്ടിൽ നിന്ന് 18 പവൻ കവർന്ന കേസിൽ ഒരു ഇതരസംസ്ഥാന തൊഴിലാളി കൂടി അറസ്റ്റിലായി. അസ്സമിൽ നിന്ന് പിടികൂടിയ ഒന്നാം പ്രതിയിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പെരുന്പാവൂരിൽ നിന്ന് ഒരാളെ കൂടി അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഫെബ്രുവരിയിൽ ചിറ്റൂർ ഫെറി റോഡിലെ സാജുവിന്‍റെ വീട്ടിൽ നിന്ന് 18 പവനും,4800 രൂപയും രണ്ട് മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്. 

അസം സ്വദേശികളായ മൂന്ന് പേർ ചേർന്നാണ് കവർച്ച നടത്തിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സാദിഖ് ഉൾ ഇസ്ലാമിനെ സ്വദേശമായ അസ്സമില്ലെത്തിയാണ് കഴിഞ്ഞ അഞ്ചാം തിയതി ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെ പെരുന്പാവൂരിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ആറ് പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ജനുവരി ഫെബ്രുവരി മാസങ്ങളിലായി ചീറ്റൂർ ഭാഗത്തെ എട്ട് വീടുകളിലാണ് കവർച്ചാ ശ്രമം നടന്നത്. പൊലീസ് തിരയുന്ന മൂന്നാം പ്രതി ഈ കേസ് കൂടാതെ പ്രദേശത്തെ മറ്റൊരു കവർച്ചയിലും പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ തുണിക്കടയിലും നിർമ്മാണ മേഖലയിലും ജോലി ചെയ്യുന്നവരായിരുന്നു മൂന്ന് പേരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
 

loader