പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. താവളം ബൊമ്മിയാമ്പടി ഊരിലെ അനു ശെല്‍വരാജ് ദമ്പതികളുടെ പത്ത് ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ് മരിച്ചത്. ശിശു മരണങ്ങളൊഴിവാക്കാന്‍ കോടികള്‍ ചെലവിടുമ്പൊഴും അട്ടപ്പാടി കുഞ്ഞുങ്ങളുടെ ശവപ്പറമ്പാകുന്നെന്നാണ് പുറത്തു വരുന്ന ഓരോ മരണവാര്‍ത്തയും വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ 14 നാണ് അനു കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ അനു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2.50 കിലോ വേണ്ടയിടത്ത് 1.7 കിലോ മാത്രമായിരുന്നു കുട്ടിയുടെ ജനന സമയത്തെ തൂക്കം. കുഞ്ഞിന് കുടല്‍ സംബന്ധമായ 'ജനിതക 'വൈകല്യം ഉണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. 

ഇതേ തുടര്‍ന്ന് കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്. ഈ വര്‍ഷം ഏഴാമത്തെ കുഞ്ഞാണ് അട്ടപ്പാടിയില്‍ മരിക്കുന്നത്.