കോഴിക്കോട്: എഴുത്തുകാരന്‍ കമല്‍ സി ചാവറയ്‌ക്കെതിരെ വീണ്ടും പോലീസ് നീക്കം. ഒരു വര്‍ഷത്തേക്ക് നിരീക്ഷണത്തിലായിരിക്കുമെന്ന് അറിയിച്ച് 107 സിആര്‍പിസി പ്രകാരം കമലിന് പോലീസ് നോട്ടീസ് നല്‍കി. മറ്റൊരു കേസില്‍ കൂടി കമലിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇത് തന്നെ വീണ്ടും ജയിലിലടക്കാനാണെന്ന് കമല്‍ ആരോപിക്കുന്നു.
ദേശീയ ഗാനവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ പേരില്‍ കമലിനെ യുഎപിഎ ചുമത്തി ജയിലിലടച്ചിരുന്നു. കോഴിക്കോട് പോലിസ് കമീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് 107 വകുപ്പ് പ്രകാരം ഒരു വര്‍ഷത്തേക്ക് നിരീക്ഷണത്തിലാണെന്ന് കാണിച്ച് ആര്‍ഡിഒ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മനുസ്മൃതി കത്തിച്ചു എന്നാരോപിച്ച് കമല്‍സിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയുടെ പരാതി അനുസരിച്ച് മറ്റൊരു കേസ് കൂടി ചുമത്തിയിരിക്കന്നത്.
കമലിന്റെയും പോലിസിന്റെയും വാദം കേട്ട ശേഷം കേസില്‍ തീരുമാനമെടുക്കമെന്ന് ആര്‍ഡിഒ ഷാമിന്‍ സെബാസ്റ്റ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഎപിഎയുമായി ബന്ധപ്പെട്ട നടപടികള്‍ പിന്‍വലിക്കുകയാണെന്ന് ഡിജിപി അറിയിച്ച ശേഷവും കമലിനെതിരെ പോലിസും സര്‍ക്കാരും നീങ്ങുന്നത് പ്രതികാര നടപടിയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലിസ് നീക്കത്തില്‍ പ്രതിഷേധിച്ച് കമല്‍ ഡിജിപിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
