ദില്ലി: പിഎഫ് പലിശ കുറക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പി.എഫ് പലിശ 8.8 ശതമാനത്തില്‍ നിന്നും 8.7 ശതമാനമായി കുറക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചിരുന്നു. തൊഴിലാളി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രി ഇടപെട്ടതോടെയൊണ് പിഎഫ് പലിശ 8.8 ശതമാക്കി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പിഎഫുമായി ബന്ധപ്പെട്ട മൂന്നാമത്തെ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന് 2015-2016 വര്‍ഷം 8.8 ശതമാനം പലിശ നല്‍കാന്‍ ഫെബ്രുവരിയില്‍ ചേര്‍ന്ന പ്രൊപിഡന്‍റ് ഫണ്ട് ട്രസ്റ്റികളുടെ ബോ‍ര്‍ഡ് യോഗം ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഇതില്‍ ധനമന്ത്രാലയം കുറവ് വരുത്തി 8.7 ശതമാനമാക്കി കുറച്ചതോടെയാണ് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തിപ്പെട്ടത്. നിലവില്‍ പണം അടക്കാത്ത ജീവനക്കാരുടെ നിക്ഷേപങ്ങള്‍ക്കും പലിശ നല്‍കാന്‍ തീരുമാനിച്ചത് വഴി 1000 കോടി അധികം കണ്ടെത്തേണ്ടതു കൊണ്ടാണ് പലിശനിരക്കില്‍ നേരിയ കുറവ് വരുത്തുന്നതെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ വിശദീകരണം.

ഇപിഎഫ്ഒ തീരുമാനത്തില്‍ മാറ്റം വരുത്തിയ ധനമന്ത്രാലയത്തിന്റെ തീരുമാനത്തോട് കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയും അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് തീരുമാനം തൊഴില്‍ മന്ത്രാലയത്തിന് വിട്ടു. ഇതോടെയാണ് പലിശ നിരക്ക് കുറക്കാതെ 8.8 ആയി തന്നെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പിഎഫുമായി ബന്ധപ്പെട്ട മൂന്നാമത്തെ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.കഴിഞ്ഞ ആഴ്ച്ച ബംഗ്ളുരുവിലെ വസ്‌ത്രനിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥാപനം അടക്കുന്ന തുക 58 വയസ്സ് വരെ പിന്‍വലിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.