സ്മാര്‍ട്ട് ക്ലാസ്റൂം പൂര്‍ണ്ണമായും തര്‍ത്തു

ആലപ്പുഴ: കുറത്തികാട് എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ സമാര്‍ട്ട് ക്ലാസ്റൂം ഉള്‍പ്പടെ നിരവധി പഠനോപകരണങ്ങളും ഫര്‍ണീച്ചറുകളും നശിപ്പിക്കപ്പെട്ടു. പ്രാഥമിക കണക്കെടുപ്പില്‍ രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 

വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂള്‍ അവധിയായിരുന്നു. പ്രവര്‍ത്തി ദിവസമായ ഇന്ന് രാവിലെ സ്‌കൂളിലെത്തിയ പ്യൂണ്‍ ക്ലാസ് മുറികള്‍ തുറന്ന അവസരത്തിലാണ് സ്മാര്‍ട്ട് ക്ലാസ് റൂം പൂര്‍മായും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള ക്ലാസ് മുറികളിലെ ഡസ്‌കുകളും ബഞ്ചുകളും കസേരകളും തകര്‍ക്കപ്പെട്ടനിലയിലും ഒഴിഞ്ഞ മദ്യക്കുപ്പികളും ആഹാരാവശിഷ്ടങ്ങളും കണ്ടെത്തി. 

തുടര്‍ന്ന് വിവരം ഹെഡ്മിസ്ട്രസിനെ അറിയിച്ചു. സംഭവമറിഞ്ഞ് കുറത്തികാട് പോലീസും സ്‌കൂള്‍ മാനേജ്മെന്റായ എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. അടഞ്ഞു കിടന്ന സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ മേല്‍ക്കൂയിലെ ഓടുകള്‍ ഇളക്കിയാണ് അക്രമികള്‍ ക്ലാസിനുള്ളില്‍ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. കുറേ നാളുകളായി സ്‌കൂള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സ്‌കൂള്‍ മതിലുകള്‍ തകര്‍ക്കുകയും ലാബുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും മേല്‍ക്കൂരയിലെ ഓടുകള്‍ നഷ്ട്‌പ്പെടുകയും ചെയ്തിരുന്നു. നിരവധി തവണ ഇത് സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലായെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.