കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായി തനിക്ക് സൗഹൃദ ബന്ധമാണുള്ളതെന്നും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ടെന്നും ആലുവ എംഎൽഎ അൻവർ സാദത്ത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകള്‍ ശരിയാണോ എന്ന് താന്‍ ദിലീപിനോട് ചോദിച്ചിട്ടുണ്ടെന്നും ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് അൻവർ സാദത്ത് പറഞ്ഞു.
തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ദിലീപുമായി പണമിടപാടുകൾ ഒന്നുമില്ല. ഇടതുപക്ഷ എം.എല്‍.എക്ക് എതിരായ ആരോപണം ബാലൻസ് ചെയ്യാനായിരിക്കും തന്നെ കുറ്റപ്പെടുത്തുന്നത്. നടിക്കെതിരായ ആക്രമണത്തില്‍ താന്‍ ഇരയ്ക്കൊപ്പമാണ്. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
