Asianet News MalayalamAsianet News Malayalam

അറഫാ സംഗമം അവസാനിച്ചു

Arafa Hajj end today
Author
First Published Sep 1, 2017, 12:51 AM IST

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇരുപത് ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ അറഫാ സംഗമം പൂര്‍ത്തിയാക്കി. പാപമോചന പ്രാര്‍ഥനകളും മന്ത്രധ്വനികളുമായി വൈകുന്നേരം വരെ തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിച്ചു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹത്വം അനുഭവിച്ചറിയുകയായിരുന്നു അറഫാ സംഗമത്തിലൂടെ തീര്‍ഥാടകര്‍. അറഫയില്‍ നടന്ന നിസ്കാരത്തിനും ഖുതുബക്കും ഷെയ്ഖ്‌ സആദ് അല്‍ ശത്രി നേതൃത്വം നല്‍കി. മസ്ജിദ് നമിറയും ജബല്‍ റഹ്മയും തമ്പുകളുമെല്ലാം പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു. ചികിത്സയിലായിരുന്ന പല തീര്‍ഥാടകരെയും ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിച്ചു.

ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും രാവിലെയോടെ അറഫയില്‍ എത്തിയിരുന്നുവെങ്കിലും നാല്‍പ്പത്തിയേഴാം നമ്പര്‍ മക്തബിനു കീഴിലുള്ള ഇന്ത്യന്‍ ഹാജിമാര്‍ക്ക് അറഫാ സംഗമം ആരംഭിച്ചത് ശേഷമാണ് മിനായില്‍ നിന്നും പുറപ്പെടാനായത്. സൂര്യന്‍ അസ്തമിച്ചതോടെ തീര്‍ഥാടകര്‍ അറഫയില്‍ നിന്നും മടക്കയാത്ര ആരംഭിച്ചു. തീര്‍ഥാടകര്‍ ഇപ്പോള്‍ മുസ്ദലിഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അറഫയില്‍ നിന്നും ഏതാണ്ട് പതിമൂന്ന് കിലോമീറ്റര്‍ ആണ് മുസ്ദലിഫയിലേക്കുള്ള ദൂരം. നടന്നും, മെട്രോയിലും, ബസുകളിലുമാണ് തീര്‍ഥാടകരുടെ യാത്ര. ഇന്ന് രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്ത് കഴിയുന്ന ഹാജിമാര്‍ നാളെ മുതല്‍ മിനായിലെ ജമ്രകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. നാല് ദിവസത്തെ കല്ലേറ് കര്‍മത്തിനായി എഴുപത് കല്ലുകള്‍ വരെയാണ് ഇവിടെ നിന്നും ശേഖരിക്കുന്നത്.

Follow Us:
Download App:
  • android
  • ios