Asianet News MalayalamAsianet News Malayalam

തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും; നാളെ ബലി പെരുന്നാള്‍

arafa meet today
Author
First Published Aug 31, 2017, 7:59 AM IST

മക്ക: ഇന്ന് അറഫാ സംഗമം. തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍ നിന്ന് അറഫയിലേക്ക് ഒഴുകുകയാണ്. മിനായിലെ കല്ലേറ് കര്‍മം നാളെ ആരംഭിക്കും. നാളെയാണ് ബലിപ്പെരുന്നാളും

ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമത്തിനുള്ള ഒരുക്കത്തിലാണ് ദശലക്ഷക്കണക്കിനു തീര്‍ഥാടകര്‍. ഇന്നലെ മിനായില്‍ എത്തിയ തീര്‍ഥാടകര്‍ അര്‍ദ്ധരാത്രിയോടെ തന്നെ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. മിനായില്‍ നിന്നും ഏതാണ്ട് 13 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മെട്രോ സര്‍വീസിലും, ബസുകളിലും, നടന്നുമാണ് തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകരുടെ അറഫയിലേക്കുള്ള യാത്ര ഇന്നലെ രാത്രി മുതല്‍ സുഗമമായി നടക്കുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ്കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്ന 33 സര്‍വീസ് ഏജന്‍സികളില്‍ പതിനെട്ടു ഏജന്‍സികള്‍ക്ക് കീഴിലുള്ള തീര്‍ഥാടകാര്‍ക്ക് മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്താം.

ഇന്ന് ഉച്ചമുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് അറഫാ സംഗമം. ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേ സമയം അനുഷ്‌ടിക്കുന്ന കര്‍മം കൂടിയാണ് അറഫാ സംഗമം. ഉച്ചയ്‌ക്ക് അറഫയിലെ നമിറാ പള്ളിയില്‍ നമസ്കാരവും ഖുതുബയും നടക്കും. പ്രവാചകന്‍ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ച ജബലുറഹ്മ പര്‍വതം തീര്‍ഥാടകരെ കൊണ്ട് നിറയും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ത്ഥനകളുമായി ഹാജിമാര്‍ അറഫയില്‍ കഴിയും. ശേഷം മുസ്ദലിഫയിലേക്ക് നീങ്ങും.

Follow Us:
Download App:
  • android
  • ios