ഹവാല ഇടപാടില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. അന്വേഷണത്തിന്‍റെ ഭാഗമായല്ല, കേസില്‍ സാക്ഷിയായാണ് നോട്ടീസ് അയച്ചതെന്ന് സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു.
ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍റെ ഉടമസ്ഥതയിലുള്ള നാല് കമ്പനികളില്‍ നിന്നുള്ള 17 കോടി രൂപയുടെ അനധികൃത പണം ഉപയോഗിച്ച് ജെയ്ന്‍ കെട്ടിടങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണം നടത്തിയ ആദായനികുതിവകുപ്പ് സത്യേന്ദ്ര ജെയിന് നോട്ടീസയച്ചു. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹവാല ഇയപാടുകാരന്‍ ജീവേന്ദ്രമിശ്രയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സത്യേന്ദ്ര ജയിന്‍റെ അഞ്ച് വര്‍ഷത്തെ ആദായനികുതിയുടെ കണക്ക് പരിശോധിച്ചതിലും ക്രമക്കേട് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ആരോപണം നിഷേധിച്ച സത്യേന്ദ്ര ജെയ്ന്‍ സാക്ഷിയായാണ് തന്നെ വിളിച്ചുവരുത്തിയതെന്ന് പറഞ്ഞു.
ആദായനികുതി വകുപ്പിന്‍റെ നടപടിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. ജെയ്ന്‍ നിരപരാധിയാണെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പുറത്താക്കുമെന്നും തെജ്‍രിവാള്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ നേരിടുന്ന നാലാമത്തെ എഎപി മന്ത്രിയാണ് സത്യേന്ദര്‍ ജെയ്ന്‍. വ്യാജബിരുദക്കേസില്‍ നിയമമന്ത്രി ജിതേന്ദ്രസിംഗ് തോമര്‍, കൈക്കൂലിക്കേസില്‍ അസിം അഹമ്മദ് ഖാന്‍, സ്‌ത്രീപീഡനക്കേസില്‍ സന്ദീപ് കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
