അര്‍ജന്‍റീന  ടീം നൈജീരിയയ്ക്കെതിരെ മത്സരത്തിന് ഇറങ്ങുമ്പോള്‍ വന്‍ മാറ്റങ്ങള്‍ വരും

മോസ്കോ: അര്‍ജന്‍റീന ടീം നൈജീരിയയ്ക്കെതിരെ മത്സരത്തിന് ഇറങ്ങുമ്പോള്‍ വന്‍ മാറ്റങ്ങള്‍ വരും. നൈജീരിയക്കെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുന്ന പ്ലെയിംഗ് ഇലവനില്‍ ക്രെയേഷ്യയ്‌ക്കെതിരെ കളിച്ച നാലോളം താരങ്ങളെ ഒഴിവാക്കാനാണ് നീക്കം. സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം ഗോണ്‍സാലോ ഹിഗ്വെയിന്‍ മുന്നേറ്റനിരയില്‍ തിരിച്ചെത്തും. 

ഐസ് ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ഗോള്‍ നേടിയ അഗ്യൂറോയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. മാത്രമല്ല മാര്‍ക്കസ് അക്യൂന, എന്‍സോ പെരസ് എന്നിവര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമാകും പകരം ഏഞ്ചല്‍ ഡിമരിയയും, എവര്‍ ബനേഗയും പ്ലെയിംഗ് ഇലവനില്‍ കളിയ്ക്കും. ക്രൊയേഷ്യയ്‌ക്കെതിരെ വമ്പന്‍ പിഴവ് വരുത്തിയ ഗോള്‍കീപ്പര്‍ വില്ലി കബല്ലറോയേയും പുറത്താക്കും. 

കബല്ലറോയ്ക്ക് പകരം ഫ്രാങ്കോ അര്‍മാനിയാകും നൈജീരിയക്കെതിരെ അര്‍ജന്റീനന്‍ ടീമിന്റെ വലകാക്കുക. നൈജീരിയയ്‍ക്കെതിരായ മത്സരം തോല്‍ക്കുകയോ, സമനിലയില്‍ ആകുകയോ ചെയ്താല്‍ മെസിപ്പട ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും.

 മത്സരം ജയിക്കുകയും ക്രൊയേഷ്യ ഐസ്‌ലന്‍ഡിനെ തോല്‍പ്പിക്കുകയോ സമനിലയില്‍ തളയ്ക്കുകയോ ചെയ്താല്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുളളത്.