മത്സരം ഇന്ന് വെെകുന്നേരം ആറരയ്ക്ക് മോസ്കോ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍
സോച്ചി: തിരിച്ചടികളെയും തളര്ച്ചകളെയും കളത്തിന് പുറത്തിരുത്തി വീണ്ടും ലോകകപ്പ് എന്ന സ്വപ്നത്തെ തേടിയുള്ള അര്ജന്റീനയുടെ യാത്ര ഇന്ന് തുടങ്ങുന്നു. ഗ്രൂപ്പ് ഡി'യിലെ ആദ്യ മത്സരത്തില് ആദ്യ ലോകകപ്പിനെത്തുന്ന ഐസ്ലാന്റാണ് ലിയോണല് മെസിയുടെയും സംഘത്തിന്റെയും എതിരാളികള്.
മത്സരത്തിനിറങ്ങുന്നതോടെ ലോകകപ്പിന്റെ ചരിത്രത്താളുകളില് ഐസ്ലാന്റിന്റെ പേരും സുവര്ണ ലിപികളില് കുറിക്കപ്പെടും. കാല്പ്പന്ത് കളിയുടെ ലോക പൂരത്തില് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്ഡാണ് ഐസ്ലാന്റ് സ്വന്തം പേരിലെഴുതുക. അതേസമയം, വര്ഷങ്ങളായി കിരീട വരള്ച്ചയില് അകപ്പെട്ടിരിക്കുന്ന അര്ജന്റീനയ്ക്ക് മികച്ച പ്രകടനത്തോടെ ലോകകപ്പിന് തുടക്കം കുറിക്കണമെന്നാണ് ആഗ്രഹം.
സുരക്ഷ പ്രശ്നങ്ങള് മൂലം സന്നാഹ മത്സരം ഉപേക്ഷിച്ചതിനാല് ലോകകപ്പിന് മുമ്പ് മികച്ച രീതിയില് ഒരുങ്ങാന് മെസിക്കും സംഘത്തിനും സാധിച്ചിട്ടില്ല. വലിയ മത്സരങ്ങള് വരുന്നതിന് മുമ്പ് ഐസ്ലാന്റിനെതിരെ അര്ജന്റെെന് പരിശീലകന് സാംപോളി ചില പരീക്ഷണങ്ങള് നടത്താന് സാധ്യതയുണ്ട്. വലിയ പേരുള്ള ടീമാണെങ്കിലും ചില സമയങ്ങളില് മോശം പ്രകടനം കൊണ്ട് ആരില് നിന്നും തോല്വിയേറ്റ് വാങ്ങുന്ന അവസ്ഥയിലാണ് അര്ജന്റീന. അത് കൊണ്ട് കഴിഞ്ഞ യൂറോ കപ്പില് ക്വാര്ട്ടര് വരെയെത്തിയ ഐസ്ലാന്റിനെ ചെറുതായി കാണാന് മെസിപ്പട തയാറല്ല.
എല്ലാം മെസി
ബാഴ്സലോണയ്ക്കായി നേട്ടങ്ങളുടെ പട്ടിക തന്നെയുണ്ടെങ്കിലും ഇത് വരെ സ്വന്തം രാജ്യത്തിനായി ഒരു കിരീടം നേടിക്കൊടുക്കാന് മെസിക്ക് സാധിച്ചിട്ടില്ല. ഈ മാസം 31 വയസ് തികയുന്ന മെസി ഖത്തര് ലോകകപ്പില് കളുക്കുന്ന കാര്യവും സംശയമാണ്. ഇത്തവണത്തെ ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തന്റെ വിരമിക്കല് തീരുമാനങ്ങളെന്ന് മെസി സൂചിപ്പിച്ച് കഴിഞ്ഞു.
അതു കൊണ്ട് ബ്രസീലില് നഷ്ടമായ ലോകകപ്പ് ബ്യൂണസ് ഐറിസില് എത്തിക്കാന് മെസിയുടെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങളുണ്ടാകുമെന്നുറപ്പ്. മെസിയെ ഹൃദയ ഭാഗത്ത് നിര്ത്തി അഗ്വെറോയെ ഗോള് നേടാന് നിയോഗിക്കുന്ന രീതിയാകും സാംപോളി പരീക്ഷിക്കുക. മെസി ഇല്ലാതെയിറങ്ങിയപ്പോള് സ്പെയിനോട് അടക്കം വമ്പന് തോല്വിയേറ്റ് വാങ്ങിയത് ടീമിന്റെ പ്രതിക്ഷകളെ തല്ലിക്കെടുത്തിയിരുന്നു. എന്നാല്, മെസി തിരിച്ചെത്തിയതിന് ശേഷം ഹെയ്തിയെ തകര്ത്ത വീര്യവുമായാണ് അര്ജന്റീന റഷ്യയില് എത്തിയത്.

കുഞ്ഞന് ഐസ്ലാന്റ്
മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്ലാന്റുകാര് ലോകകപ്പില് ആദ്യമായാണ് പന്ത് തട്ടാന് എത്തുന്നത്. അതിന്റെ അമ്പരപ്പും സംശയങ്ങളുമെല്ലാം അവരെ വലയ്ക്കുന്നുണ്ട്. ഇതേ അവസ്ഥയില് കളിക്കാനെത്തി യൂറോയില് ചരിത്രം കുറിച്ച് ഐസ്ലാന്റ് മെസിയയെും സംഘത്തെയും വെള്ളം കുടിപ്പിക്കാന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. പരിക്കേറ്റതിരുന്ന മധ്യനിര താരം ഗില്ഫി സുഗ്രുഡ്സണ് തിരിച്ചെത്തിയത് ആശ്വാസം പകരുന്ന വാര്ത്തയാണ്. ആദ്യമായി അര്ജന്റീനയും ഐസ്ലാന്റും നേര്ക്കു നേര് വരുന്നുവെന്നുള്ള പ്രത്യേകയും ഇന്നത്തെ മത്സരത്തിനുണ്ട്.
