ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രം മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാം സ്ഥാനത്ത് 

മോസ്‌കോ: ബ്രസീലില്‍ കൈവിട്ട കിരീടം റഷ്യന്‍ മണ്ണില്‍ സ്വന്തമാക്കാനിറങ്ങിയ മെസിപ്പട തിരിച്ചടികളേറ്റ് പുളയുകയാണ്. ഐസ്ലണ്ടിനെതിരെ സമനിലയില്‍ കുരുങ്ങിയ മെസിപ്പട ക്രൊയേഷ്യയ്ക്ക് മുന്നില്‍ നിലംപരിശായതോടെ രണ്ടാം റൗണ്ട് കാണാതെ പുറത്താകുമോയെന്ന ഭയത്തിലാണ്. അര്‍ജന്‍റീനയുടെ സാധ്യതകള്‍ നിലനിര്‍ത്തിയതാകട്ടെ ഐസ് ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ നൈജീരയയാണ്.

അവസാന പോരാട്ടത്തില്‍ നൈജീരയയെ കീഴടക്കിയാല്‍ മാത്രമെ അര്‍ജന്‍റീനയ്ക്ക് മുന്നില്‍ എന്തെങ്കിലും സാധ്യതയുള്ളു. ഐസ് ലന്‍ഡ് ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ ഗോള്‍ ശരാശരി വില്ലനാകുമോയെന്ന ആശങ്കയും ഉണ്ട്. മറുവശത്ത് നൈജീരിയയ്ക്കാകട്ടെ അര്‍ജന്‍റീനയെ മലര്‍ത്തിയടിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിക്കാം.

നൈജീരിയ അര്‍ജന്‍റീനയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. നാല് വര്‍ഷം മുമ്പ് നടന്ന ലോകകപ്പില്‍ ജൂണ്‍ 25 ാം തിയതി ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാണ് മെസിപ്പട പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീനയുടെ ആരാധകര്‍. 

എന്നാല്‍ മെസിയും സംഘവും അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടണെന്നാണ് അന്നത്തെ കളി തെളിയിക്കുന്നത്. ഐസ് ലന്‍ഡിനെതിരെ ഇരട്ട ഗോള്‍ നേടി താരമായ അഹമ്മദ് മൂസ എന്ന താരത്തിന്റെ സാന്നിധ്യം നൈജീരയ്ക്ക് പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 2014 ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്കെതിരെ ഇരട്ടഗോള്‍ നേടിയതും മറ്റാരുമായിരുന്നില്ല. അതുക്കൊണ്ട് തന്നെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല അര്‍ജന്റീനയ്ക്ക്.

ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രം. ഇത്രയും പോയിന്റുള്ള ഐസ്‌ലന്‍ഡ് ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാമതും. അര്‍ജന്റീനയ്ക്ക് ഇനി നോക്കൗട്ട് റൗണ്ടില്‍ എത്താന്‍ ക്രൊയേഷ്യയുടെയും സഹായം വേണം. ക്രൊയേഷ്യക്കെതിരെ ഐസ്‌ലന്‍ഡ് അവസാന മത്സരത്തില്‍ ജയിക്കാതിരിക്കണം. ഇനി വിജയിച്ചാല്‍ ഐസ്‌ലന്‍ഡ് ജയിക്കുന്നതിന്റെ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും നൈജീരിയയെ അര്‍ജന്റീന തകര്‍ക്കണം.