ഫ്ലക്സ് ബോര്‍ഡ് വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം, കോളേജിലെ തല്ല്; ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ ഇങ്ങനെ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 19, Feb 2019, 9:43 PM IST
argument over removing a flex board lead to the brutal murder in kasargod
Highlights

പീതാംബരൻ ഒത്തുതീർപ്പിന് തയ്യാറാകാതെ വന്നതോടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കോൺഗ്രസുകാർ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടപടി ഉണ്ടാകും മുന്‍പാണ് രണ്ട് യുവാക്കളും അതിദാരുണമായി കൊല്ലപ്പെട്ടത്.

പെരിയ: സ്കൂളിന് മുന്നിൽ ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് കാസര്‍കോട് രണ്ടു യുവാക്കളുടെ അരുംകൊലയിൽ കലാശിച്ചത്. പെരിയയിലെ ഇരട്ടക്കൊലപാതത്തിലേക്ക് എത്തിച്ച സംഭവങ്ങൾ ഇങ്ങനെയാണ്. 

കല്യോട്ടെ സ്കൂളിന് ഫണ്ട് അനുവദിച്ചതിൽ കുഞ്ഞിക്കണ്ണൻ എംഎൽഎയ്ക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎമ്മുകാർ ഒരു ബോർഡ് വച്ചിരുന്നു. ചിലർ അത് എടുത്തുമാറ്റി. ബോര്‍ഡ് മാറ്റിയത് കോൺഗ്രസ് പ്രവർത്തകരാണ് എന്നാരോപിച്ച സിപിഎം പ്രദേശത്തെ കോൺഗ്രസ് ക്ലബിന് തീയിട്ടു. ഇതിന് പ്രതികാരമായി സിപിഎം ഓഫീസുകൾ കോൺഗ്രസുകാർ തകർത്തു. സംഭവങ്ങളില്‍ ബേക്കൽ പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസെടുത്തെങ്കിലും നേതാക്കൾ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കുകയായിരുന്നു. 

ഇതിന് ശേഷം കുറച്ച് ദിവസങ്ങള്‍ പെരിയ ശാന്തമായിരുന്നു. എന്നാല്‍ അടുത്തിടെ മൂന്നാട്ടെ പീപ്പിൾസ് കോളേജിൽവച്ച് കെഎസ്‍യു പ്രവർത്തകർക്ക് മർദ്ദനമേറ്റത് പ്രശ്നം പിന്നെയും വഷളാക്കുകയായിരുന്നു. കെഎസ്‍യുക്കാരെ തല്ലിയതിനുപിന്നിൽ പെരിയ ലോക്കൽ കമ്മറ്റി അംഗം പീതാംബരനാണെന്നാരോപിച്ച് പീതാംബരനെ കോൺഗ്രസുകാർ മർദ്ദിച്ചു. ഈ കേസിൽ കൊല്ലപ്പെട്ട കൃപേഷും ശരത്ത് ലാലും പ്രതികളായിരുന്നു. 

കൃപേഷിനെ പിന്നീട് കേസിൽ നിന്ന് ഒഴിവാക്കി. കേസില്‍ ശരത് റിമാന്റിലുമായി പീതാംബരനെ അക്രമിച്ചതിൽ തിരിച്ചടി ഉണ്ടാകുമെന്ന് സിപിഎമ്മുകാർ ഫേസ്ബുക്കിലടക്കം ഭീഷണി സന്ദേശം പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസുകാർ സിപിഎമ്മുമായി പ്രശ്ന പരിഹാരത്തിന് പലവട്ടം ചർച്ച നടത്തിയിരുന്നു. ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെയടക്കംകണ്ട് പ്രശ്നം പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 50000 രൂപ നഷ്ടപരിഹാരം പീതാംബരന് നൽകാമെന്നുവരെ കോൺഗ്രസുകാർ ഒത്തുതീര്‍പ്പിനായി വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഒത്തുതീർപ്പിനൊന്നും പീതാംബരൻ വഴങ്ങിയില്ല.

പ്രദേശത്ത് പാർട്ടി പ്രവർത്തക‍ർക്കിടയിൽ തീവ്രനിലപാട് എടുക്കുന്ന ആളാണ് പീതാംബരൻ എന്നാണ് നാട്ടുകാരിൽ ചിലർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പീതാംബരൻ ഒത്തുതീർപ്പിന് തയ്യാറാകാതെ വന്നതോടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കോൺഗ്രസുകാർ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. 

ഈ പരാതിയിൽ നടപടി ഉണ്ടാകും മുന്‍പാണ് രണ്ട് യുവാക്കളും അതിദാരുണമായി കൊല്ലപ്പെട്ടത്. കൊല നടത്തിയത് പുറത്ത് നിന്നെത്തിയ പ്രൊഫഷണൽ സംഘം ആണോയെന്ന്  സംശയം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഒരു സാധ്യതയും തള്ളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ പെരിയ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിട്ടില്ല. ഇന്നലെ സിപിഎം പ്രവർത്തകരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കപ്പെട്ടു. സിപിഎം ക്ലബ്ബുകൾക്ക് തീയിട്ടു. സ്തൂപങ്ങൾ അടിച്ചുതകർത്തു. എന്നാല്‍ എത്ര പ്രകോപനം ഉണ്ടായാലും തിരിച്ചടിക്കരുതെന്നാണ് സിപിഎം ജില്ലാ നേതൃത്വം അണികൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
 

loader