കൊല്ലം: അരിപ്പ ഭൂസമരം അഞ്ചാം വര്‍ഷത്തിലേക്ക്. ഒത്തുതീര്‍പ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് സമരനേതാക്കള്‍ ആരോപിക്കുന്നത്. 2012 ഡിസംബറിലാണ് ഭൂമി ആവശ്യപ്പെട്ട് ദളിതരും ആദിവാസികളും കളത്തൂപ്പുഴക്ക് സമീപം അരിപ്പയില്‍ സമരം തുടങ്ങിയത്.
ആയിരത്തിലേറെ കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നപരിഹാരം ഇതുവരെ സാധ്യമായിട്ടില്ല. കഴിഞ്ഞ മാസം വനം മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയും മറ്റുള്ളവര്‍തക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീടും നല്‍കാമെന്ന നിര്‍ദേശം മുന്നോട്ടവച്ചെങ്കിലും സമരസമിതി അംഗീകരിച്ചില്ല. എല്ലാ കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമി വീതം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ആദിവാസികള്‍ക്ക് മാത്രം ഭൂമി വാഗ്ദാനം ചെയ്ത് സമരം പൊളിക്കാനാണ് ഭരണകൂടുവും രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കുന്നതെന്നാണ് സമരസമിതി ആരോപിക്കുന്നത്. ചെങ്ങറ സമരക്കാര്‍ക്കുണ്ടായ അനുഭവം ഒരു പാഠമാണെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമതിയുടെ തീരുമാനം. അടുത്ത ആഴ്ചയോടെ തിരുവന്തപുരത്തേക്ക് സമരം വ്യാപിപ്പിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരഭൂമിയില്‍ നിന്ന് ഒഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
