ഇന്‍ഡോര്‍: ഉത്തേരന്ത്യയില്‍ തക്കാളി വില കുതിച്ച് കയറുകയാണ്. വില കൂടിയതോടെ മോഷ്ടാക്കളും ഇപ്പോള്‍ തക്കാളിയെ ലക്ഷ്യമിട്ടു തുടങ്ങി. ഇതോടെ ആയുധ ധാരികളായ സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് തക്കാളിപ്പെട്ടികള്‍ക്ക് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍ഡോറിലെ വ്യാപാരികള്‍. മുംബൈയില്‍ ഈ മാസം 20 ന് മോഷ്ടാക്കള്‍ 300 കിലോ തക്കാളി പെട്ടികളോടെ കടത്തിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്നാണ് ഇന്‍ഡോറിലെ വ്യാപാരികള്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചത്. 

പത്തുകിലോയുടെ 30 പെട്ടി തക്കാളികളാണ് മുംബൈയിലെ ദാഹിസറില്‍ നിന്ന് മോഷ്ടാക്കള്‍ കൊണ്ടുപോയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വില കുതിച്ചുയരുകയാണ് തക്കാളിക്ക്. തക്കാളി ഉത്പാദന സംസ്ഥാനങ്ങളില്‍ വിള നാശമുണ്ടായതിനെ തുടര്‍ന്ന് ദൗര്‍ലഭ്യമുണ്ടായതോടെയാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്. 

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ തക്കാളി വില ഇപ്പോള്‍ നൂറ് മുതല്‍ നൂറ്റിയിരുപത് രൂപ വരെയാണ്. ചിലയിടങ്ങളില്‍ വ്യാപാരികള്‍ കൃത്രിമക്ഷാമമുണ്ടാക്കി 150 രൂപയ്ക്കുവരെ വില്‍ക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതോടെയാണ് തക്കാളി വില്‍പ്പന നടക്കുന്നയിടത്ത് സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് സുരക്ഷയേര്‍പ്പെടുത്താന്‍ ഇന്‍ഡോറിലെ വ്യാപാരികള്‍ തീരുമാനിച്ചത്. 

ഇന്‍ഡോറില്‍ തക്കാളിപ്പെട്ടി ലോറിയില്‍ നിന്ന് ഇറക്കി ചില്ലറ വ്യാപാരികള്‍ക്ക് നല്‍കുന്ന സ്ഥലത്ത് തോക്കുമായി നില്‍ക്കുന്ന സുരക്ഷാ ജീവനക്കാരന്‍റെ ചിത്രം ഇതിനകം ഏറെ വൈറലായിക്കഴിഞ്ഞു. അതേസമയം, വിലക്കയറ്റം താല്‍ക്കാലികമാണെന്നും ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വില കുറഞ്ഞുതുടങ്ങുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.