ദില്ലി: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സോഷ്യല്‍ മീഡിയ വഴി പരാതി ഉന്നയിക്കുന്ന സൈനികര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ സൈനികര്‍ അനുഭവിക്കുന്ന ദുരവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ പ്രസിദ്ദീകരിച്ച ജവാന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കരസേന മേധാവി പറഞ്ഞു. കരസേനാ ദിനത്തില്‍ സംസാരിക്കവേ ആണ് ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത പരിപ്പ് കറിയും കരിഞ്ഞ ചപ്പാത്തിയും മാത്രമാണ് ഭക്ഷണമെന്നും ആവശ്യത്തിന് സൗകര്യങ്ങള്‍ ജവാന്മാര്‍ക്ക് നല്‍കുന്നില്ലെന്നും തേജ് ബാഹാദൂര്‍ യാദവ് എന്ന ബിഎസ്എഫ് ജവാന്‍ വീഡിയോയിലൂടെ വെളിപ്പെടുത്തിയതിന് തൊട്ടുപുറകെ ചില കരസേനാ ജവാന്മാരും സൈന്യത്തിലെ വിവേചനത്തിന്റെ വീഡിയോ പ്രസിദ്ദീകരിച്ചിരുന്നു.

ഇതിനെ ശക്തമായി വിമര്‍ശിച്ചാണ് കരസേന മേധാവി ബിപിന്‍ റാവത്ത് രംഗത്തെതിയിരിക്കുന്നത്.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ വീഡിയോ പുറത്ത് വിട്ടത് അച്ചടക്കലംഘനമാണെന്നും ജവാന്മാരുടെ മുന്‍കാല പ്രവര്‍ത്തനം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് കരസേന ദിനത്തില്‍ സംസാരിക്കവേ അറിയിച്ചു.

കരസേന ദിനത്തോടനുബന്ധിച്ച് ജനറല്‍ ബിബിന്‍ റാവത്തിന് പുറമെ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോയ,നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാമ്പ എന്നിവര്‍ അമര്‍ജവാന്‍ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി..വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു..കരസേനക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ആശംസയര്‍പ്പിച്ചു.സൈനികരുടെ ധൈര്യത്തേയും വിലമതിക്കാനാകാത്ത സേവനങ്ങളേയും ആദരിക്കുന്നെന്നും സൈനികര്‍ രാജ്യത്തിന് വേണ്ടി നടത്തിയ ജീവത്യാഗങ്ങളെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നെന്നും നരേന്ദ്രമോദി പറഞ്ഞു.

അതേസമയം, ബിഎസ്എഫ് ജവാന്റെ വീഡിയോ ഫലം കണ്ട് തുടങ്ങിയെന്ന് ഇതിനോടകം ചില ജവാന്മാര്‍ പ്രതികരിച്ച് തുടങ്ങി.തേജ് ബഹാദൂര്‍ യാദവ് നടത്തിയത് ധീരമായ പ്രവര്‍ത്തിയാണെന്നും സൗകര്യങ്ങള്‍ മെച്ചപ്പെട്ട് തുടങ്ങിയെന്നും ജവാന്മാര്‍‍ പറയുന്നുണ്ട്.