ഒരു തുറന്ന യുദ്ധത്തിന് താന്‍ തയ്യാറല്ല എന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് നടന്ന ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്ന തിരിച്ചടി ഒരു സന്ദേശമാണ്. എല്ലാ കാലവും ഒരേ നയം തുടരാനാവില്ലെന്ന സന്ദേശം. അപ്പോഴും ഒരു യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന് പരസ്യമായി വ്യക്തമാക്കുകയും ചെയ്യുന്നു. ഉസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്ക പാക്കിസ്ഥാന്‍ മണ്ണില്‍ കടന്നുകയറിയാണ് ആക്രമണം നടത്തിയത്. അത്രയും പോയില്ലെങ്കിലും പാക്ക് അധിനിവേശ കശ്‍മീരിലെങ്കിലും ഇപ്പോള്‍ ഭീകരക്യാമ്പുകളില്‍ ഇന്ത്യ കടന്നുകയറിയിരിക്കുന്നു. സ്വന്തം ജനതയുടെ രോഷം ഏല്‍ക്കാതിരിക്കാനാണ് പാക്കിസ്ഥാന്‍ തല്‍ക്കാലം ഇത് നിഷേധിക്കുന്നതെങ്കിലും ഇന്ത്യ ഏല്പിച്ച മുറിവ് വലുതാണ്. 

രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ നിയന്ത്രണത്തിലല്ലാത്ത പാക്കിസ്ഥാന്‍ സൈന്യം അതിനാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇന്ത്യക്കും വ്യക്തതയില്ല. അതിര്‍ത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജമ്മുകശ്‍മീരിലെയും പഞ്ചാബിലെയും അതിര്‍ത്തികളില്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ ഒഴുപ്പിച്ചുതുടങ്ങി. വാഗ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങും ഇന്ന് ചുരുക്കി. കരസേന ഭടന്മാരുടെ അവധികള്‍ റദ്ദാക്കാനാണ് തീരുമാനം. ഒപ്പം വ്യോമസേനയും എന്തിനും തയ്യാറെടുത്ത് നില്‍ക്കുകയാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണ് ലോകത്തെ പ്രമുഖ രാഷ്‌ട്രങ്ങള്‍. തിരിച്ചടിക്ക് ഇത്തവണ പാക്കിസ്ഥാന് ഒരു തരത്തിലും പിന്തുണ നല്‍കില്ലെന്ന് അമേരിക്ക സന്ദേശം നല്‍കിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളുടെ പിന്തുണ തേടി 30 സ്ഥാനപതിമാരെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ച് ഓപ്പറേഷന്റെ വിശദാംശങ്ങള്‍ അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്തായാലും ഉറി ആക്രമണത്തിന് ശേഷം രാജ്യത്തും പാര്‍ട്ടിക്കുള്ളിലും ഉയര്‍ന്ന രോഷം ഈ വിജയകരമായ സൈനിക നീക്കത്തിലൂടെ തണുപ്പിക്കാം എന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.