ശ്രീനഗർ: കാശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ കെറിയ സെക്ടറിൽ 120 ഇൻഫൻട്രി ബ്രിഗേഡിനു നേർക്കായിരുന്നു ആക്രമണം. ഇന്ത്യ ഇവിടെ പ്രത്യാക്രമണം നടത്തുന്നുണ്ട്. ഒരു മേജര്‍ അടക്കമാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം സിഖ് ബറ്റാലിയന്‍ ആണ് കെറിയ സെക്ടറിലെ പെട്രോളിംഗ് നോക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഒടെയാണ് പാകിസ്ഥാന്‍ പോസ്റ്റുകളില്‍ നിന്നും വെടിവയ്പ്പ് ആരംഭിച്ചത്. ഇതിലാണ് ഒരു മേജറും രണ്ട് സൈനികരും കൊല്ലപ്പെട്ടത്, ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയുമായി സമാധാന ചർച്ചകൾ സജീവമാക്കണം എന്ന് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. ഇതോടെ പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ സമാധാന ചർച്ചകൾക്കുള്ള ആഹ്വാനം പൊള്ളത്തരമാണെന്ന് വ്യക്തമായി.

ഈ വർഷം 780 പ്രാവശ്യമാണ് പാക്ക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 120 പ്രാവശ്യം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. കശ്മീരിൽ 30 സാധാരണക്കാർ വെടിവയ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്.