ഒരു മാസം മുമ്പാണ് ആസ്സാം റൈഫിള്‍സിലെ സൈനികനും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ സുബിത് കുമാറിന്‍റെ വിവാഹം. വിവാഹശേഷം സ്ത്രീധനം കുറവാണെന്ന പേരില്‍ സുബിത്ത് കുമാര്‍ ഭാര്യയായ ഇരുപത്തൊന്നുകാരിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ചാംതീയ്യതി സുബിത് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഇരുചക്രവാഹനത്തിന്റെ സൈലന്‍സറും ഇരുമ്പ് കമ്പിയും കര്‍ട്ടന്‍ ഇട്ടിരുന്ന സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടി ഹരിപ്പാട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ക്രൂരമായ മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ ഇടതുകൈക്ക് പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല ശരീരത്തിലങ്ങോളമിങ്ങോളം ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. സംഭവം നടന്ന ശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കളെത്തിയാണ് കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഢനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഭര്‍ത്താവ് സുബിത്ത് കുമാറിനെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആസ്സാം റൈഫിള്‍സില്‍ മണിപ്പൂരിലാണ് ഇപ്പോള്‍ ഇയാള്‍ ജോലി ചെയ്യുന്നത്.
