കണ്ണൂര്‍ സ്വദേശിയായ ലെഫ്റ്റ്നന്‍റ് അംബിക സുധാകരനാണ് നാവികസേനയുടെ ഈ വർഷത്തെ പരേഡ് നയിച്ചത്. ആർ പി എഫ് അസിസ്റ്റന്‍റ് കമാന്‍റന്‍റ് ജിതിൻ ബി രാജായിരുന്നു റെയിൽവെ സുരക്ഷ സേനയുടെ പരേഡിന്‍റെ ക്യാപ്റ്റൻ

ദില്ലി: ഇന്ത്യയുടെ 70-ാം റിപ്പബ്ലിക്ക് ദിനപരേഡിൽ കേരളത്തിന്‍റെ അഭിമാനമായി മലയാളി സൈനികരും. കണ്ണൂര്‍ സ്വദേശിയായ ലെഫ്റ്റ്നന്‍റ് അംബിക സുധാകരനാണ് നാവികസേനയുടെ ഈ വർഷത്തെ പരേഡ് നയിച്ചത് . നാവിക സേന ഉദ്യോഗസ്ഥനായിരുന്ന കമാന്‍റര്‍ എം കെ എസ് നായരുടെ മകളാണ് അംബിക . പാലക്കാട് സ്വദേശി സബ്. ലെഫ്റ്റനന്‍റ് സഞ്ജയ് അമ്പാടിയും നാവിക സേനയുടെ പരേഡിന്‍റെ ഭാഗമായി.

 റെയിൽവെ സുരക്ഷ സേനയുടെ പരേഡ് നയിച്ചതും മലയാളിയായിരുന്നു. ആർ പി എഫ് അസിസ്റ്റന്‍റ് കമാന്‍റന്‍റ് ജിതിൻ ബി രാജായിരുന്നു പരേഡിന്‍റെ ക്യാപ്റ്റൻ. തിരുവനന്തപുരം സ്വദേശിയാണ് ജിതിൻ ബി രാജ്. മലയാളിയായ വിൻസന്‍റ് ജോണ്‍സനാണ് നാവിക സേനയുടെ മ്യൂസിക് ബാന്‍റ് നയിച്ചത്