സൗദിയില്‍ ന്യായാധിപനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. പിടികിട്ടാനുള്ള പ്രതികളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് മന്ത്രാലയം പാരിതോഷികം പ്രഖ്യാപിച്ചു. ജഡ്ജി ഷെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയെ വീടിനു മുന്‍പില്‍നിന്നാണ് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയത്.
ഡിസംബര്‍ 13 നു കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ നിന്ന് ഔഖാഫ് കോടതി ജഡ്ജി ഷെയ്ഖ് മുഹമ്മദ് അല്‍ജീറാനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു സ്വദേശികള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയ വക്താവാണ് അറിയിച്ചത്.
അബ്‍ദുല്ലാ അലി അഹമ്മദ് അല്‍ദര്വീഷ്, മാസിന്‍ അലി അഹമ്മദ് അല്‍ഖബ്, മുസ്ഥഫ അഹമ്മദ് സല്‍മാന്‍ എന്നിവരാണ് പിടിയിലായവര്‍. തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടവര്‍ക്കും തട്ടിക്കൊണ്ടുപോയവര്‍ക്കും വിവരങ്ങള്‍ കൈമാറിയത് ഇവരായിരുന്നു.
സംഭവത്തില്‍ നേരിട്ടു ബന്ധമുള്ള മൂന്ന് സ്വദേശികളെ കൂടി പിടികിട്ടാനുണ്ടെന്ന് മന്ത്രലായം അറിയിച്ചു. പിടികിട്ടാനുള്ളവരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് മന്ത്രാലയം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പിടികിട്ടാനുള്ളവരില്‍ ഒരാളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പത്തുലക്ഷം റിയാലും സംഘത്തിന്റെ മുഴുവന്‍ വിവരവും നല്‍കുന്നവര്‍ക്കു 70 ലക്ഷം റിയാലും പാരിതോഷികം നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തിനെതിരെ ചില സംഘങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോപങ്ങളേയും കുഴപ്പങ്ങളേയും എതിര്‍ത്തതാണ് ന്യായാധിപനെ തട്ടിക്കൊണ്ടുപോവാന്‍ ഇടയാക്കിയത്.
ജഡ്ജി ഷെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയുടെ വീടിനു നേരെ നേരത്തെ അജ്ഞാതര്‍ ആക്രമണം നടത്തുകയും വീട് അഗ്നിക്കിരയാക്കാനും ശ്രമിച്ചിരുന്നു.
