തെലുങ്കാന : പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് തെലുങ്കാന ബിജെപി എംഎല്‍എ രാജാ സിംഗിനെതിരെ കേസ്. 2013 സെപ്റ്റംബറില്‍ ഹൈദരാബാദില്‍ നടത്തിയ വിശാല്‍ ഗോ രക്ഷണ ഘര്‍ജാന പരിപാടിയില്‍ വിദ്വേഷം പുലര്‍ത്തുന്ന പ്രസംഗം നടത്തിയതിനെതിരെയാണ് കേസ്. 

എന്നാല്‍ ഭരിക്കാനല്ല രാഷ്ട്രീയത്തില്‍ വന്നത്, എന്‍റെ മതത്തിന് വേണ്ടി സേവനം ചെയ്യാനും പശുക്കളെ സംരക്ഷിക്കാനുമാണെന്നാണ് രാജാ സിംഗിന്‍റെ പ്രതികരണം. പശുക്കള്‍ കൊല്ലപ്പെടുന്ന ഈ രാജ്യത്ത് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും കേസെടുത്തതിനെതിരെ ഫെയ്സ്ബുക്കിലൂടെ രാജാ സിംഗ് പ്രതികരിച്ചു.

 കോണ്‍ഗ്രസ്സ് ഭരിക്കുന്ന സമയത്ത് എനിക്കെതിരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു കേസുംകൂടി എനിക്കെതിരെ രജിസ്റ്റര്‍ ചെയ്തതില്‍ ദുഖമില്ല. പക്ഷേ തെലുങ്കാനാ ഗവര്‍ണ്‍മെന്‍റിനോടും മുഖ്യ മന്ത്രിയോടും പറയാനുള്ളതിതാണ്. അവസാനം വരെ ഞാന്‍ എന്‍റെ ഹിന്ദു സഹോദരന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ആയിരം കേസുകള്‍ എനിക്കെതിരെ രജിസ്റ്റര്‍ ചെയ്യൂ, അല്ലെങ്കില്‍ എന്നെ കൊല്ലു എന്നാണ് എംഎല്‍എയുടെ പോസ്റ്റ്.

ഹൈദരാബാദിലെ ചില പഴയ നഗരങ്ങള്‍ പാക്കിസ്ഥാന് സമാനമാണെന്ന് പറഞ്ഞതിനെതിരെയും വന്ദേമാതരം ചൊല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് പറഞ്ഞതിനെതിരെയും ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഭരണഘടനയ്ക്കോ , രാജ്യത്തെ നിയമങ്ങള്‍ക്കോ താന്‍ പ്രാമുഖ്യം കൊടുക്കുന്നില്ലെന്ന് അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ രാജാ സിംഗ് പറഞ്ഞിരുന്നു. മത വിദ്വേഷം പ്രചരിപ്പിച്ച് രില്‍ രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതായിരുന്നു രാജാസിംഗിന്‍റെ പ്രസംഗത്തിന്‍റെ ഉള്ളടക്കം.