അറസ്റ്റ് വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അല്‍പസമയത്തിനകം കോട്ടയം എസ്പി മാധ്യമങ്ങളും കാണും എന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ചെയ്യുകയാണെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി ബിഷപ്പിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ ജലന്ധര്‍ ബിഷപ്പിനെ പാലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജാരാക്കും എന്നാണ് സൂചന. 

കൊച്ചി: മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീ പരാതി നല്‍കി 84ാം നാള്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

അറസ്റ്റിന് മുന്നോടിയായി അന്വേഷണസംഘം റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കി മധ്യമേഖല ഐജി വിജയ് സാക്കറേയ്ക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സമയം ചേര്‍ത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പിടുന്നതോടെ അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും.

അറസ്റ്റിലാവുന്ന ബിഷപ്പിന് ജാമ്യം തേടി അടുത്ത ദിവസം കോടതിയില്‍ അപേക്ഷ വരാനുള്ള സാധ്യത കണക്കിലെടുത്താണ് അതീവ ജാഗ്രതയോടെ പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് സൂചന. അറസ്റ്റ് വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അല്‍പസമയത്തിനകം കോട്ടയം എസ്പി മാധ്യമങ്ങളും കാണും എന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ചെയ്യുകയാണെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി ബിഷപ്പിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ ജലന്ധര്‍ ബിഷപ്പിനെ പാലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജാരാക്കും എന്നാണ് സൂചന. 

ബിഷപ്പിന്‍റെ അറസ്റ്റ് ഉടനുണ്ടാവും എന്ന വിവരത്തെ തുടര്‍ന്ന് ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ. 

ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് ക്ലബിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചു. ബിഷപ്പിന്‍റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കി. 

അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 25നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ പൂര്‍ത്തിയാക്കി. 

അറസ്റ്റ് ഉണ്ടായാല്‍ ഉടന്‍ തന്നെ ഫ്രാങ്കോയുടെ ഉറ്റ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിയുടെ അഭിഭാഷകരുടെ തീരുമാനം.കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്.

ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് വ്യക്തതയ്ക്കായി കുറുവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. 

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫ്രോങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശവും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.