1936 -ല്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുവാന്‍  മഹാരാജാവില്‍ പ്രേരണ ചെലുത്തിയത് സര്‍. സി.പി ആണെന്ന് കരുതുന്നു.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജി നാളെ സുപ്രീം കോടതി പരിശോധിക്കാനിരിക്കെ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകാനിരുന്ന അഡ്വ. ആര്യാമ സുന്ദരം പിന്മാറി. നേരത്തെ എന്‍.എസ്.എസ്സിനു വേണ്ടി കോടതിയില്‍ ഹാജരായിരുന്നത് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ കൊച്ചുമകനും മുതിര്‍ന്ന അഭിഭാഷകനുമായ ആര്യാമസുന്ദരം ആയിരുന്നു. എന്നാല്‍, പുന:പരിശോധനാ ഹര്‍ജി നല്‍കിയശേഷം ദേവസ്വം ബോര്‍ഡ് അറിയിച്ചത് തങ്ങള്‍ക്കുവേണ്ടി ആര്യാമ സുന്ദരം ഹാജരാകുമെന്നായിരുന്നു. 

അതിനിടയിലാണ് ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുതലേന്ന് ആര്യാമ സുന്ദരം പിന്മാറിയതായി അറിയിക്കുന്നത്. ആര്യാമസുന്ദരം പിന്മാറിയതിനു പിന്നില്‍ ചില ഹിന്ദു സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ.പദ്മകുമാര്‍ പ്രതികരിച്ചു കഴിഞ്ഞു.

ആരാണ് അഡ്വ. ആര്യാമ സുന്ദരം? 

മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ആര്യാമസുന്ദരം സര്‍. സി.പി രാമസ്വാമി അയ്യരുടെ കൊച്ചുമകനാണ്. നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.ആര്‍ സുന്ദരത്തിന്റെ മകന്‍. 

മദ്രാസ് പ്രസിഡന്‍സിയുടെ അഡ്വക്കേറ്റ് ജനറലായും, മദ്രാസ് ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും, ഇന്ത്യന്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും, ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ ഭരിച്ചിരുന്ന തിരുവിതാംകൂറിന്റെ ദിവാനായും പ്രവര്‍ത്തിച്ചിരുന്നു സി.പി രാമസ്വാമി അയ്യര്‍. 1936 -ല്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുവാന്‍ മഹാരാജാവില്‍ പ്രേരണ ചെലുത്തിയത് സര്‍. സി.പി ആണെന്ന് കരുതുന്നു. ക്ഷേത്രപ്രവേശനത്തിനായുള്ള സമരങ്ങള്‍ പലയിടങ്ങളിലും നടന്നു. എങ്കിലും വിളംബരം പുറത്തിറക്കാന്‍ പ്രധാന കാരണം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ മഹാരാജാവില്‍ ചെലുത്തിയ പ്രേരണയാണ് എന്ന് ചിലര്‍ വിശ്വസിച്ചിരുന്നു. 

കൊച്ചി രാജ്യത്തെ ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടി നടപ്പാക്കിയ ദ്വിഭരണ സമ്പ്രദായത്തിന്റെ പ്രശസ്തിയില്‍ നിന്നും പൊതുജനശ്രദ്ധ തിരുവതാംകൂറിലേക്കു തിരിക്കുന്നതിനാണ് സി.പി. ഇങ്ങനെ ഒരു നിലപാട് എടുത്തതെന്നും, അതിലെല്ലാം വ്യക്തിപരമായ താല്‍പര്യമുണ്ടായിരുന്നുവെന്നും ഒരു വിഭാഗം ചരിത്രകാരന്മാര്‍ വാദിക്കുന്നു. എന്നാല്‍ ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ സി.പിയുടേതു പുരോഗമന മനസായിരുന്നുവെന്ന് ആധുനിക ചരിത്രകാരന്മാരില്‍ ചിലര്‍ സമര്‍ത്ഥിക്കുന്നുണ്ട്.

പുന്നപ്ര വയലാര്‍ സമരങ്ങളെ അടിച്ചമര്‍ത്തി എന്നതിനാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സര്‍.സി.പിയോട് വിരോധമായിരുന്നു. സുവിശേഷ പ്രാസംഗികരേയും, പാസ്റ്റര്‍മാരേയും തടഞ്ഞുവെന്നതിനാല്‍ ക്രിസ്ത്യാനികള്‍ക്കും അദ്ദേഹത്തോട് വിരോധമായിരുന്നു. കെ.സി.എസ് മണി വെട്ടിപരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം ദിവാന്‍ സ്ഥാനത്തോട് വിടപറഞ്ഞത്.

ഈ പശ്ചാത്തലത്തില്‍നിന്നു വരുന്ന ആര്യാമ സുന്ദരം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് കേരളം ഇന്നും സ്മരിക്കുന്ന ദിവാന്റെ കൊച്ചുമകന്‍ പുതിയ കാലത്തെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹാജരാവുന്നതാണ് ചര്‍ച്ചകളുടെ കേന്ദ്രമായിരുന്നത്. അതിനിടെയാണ്, ആര്യാമസുന്ദരം ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുന്നതില്‍ നിന്നും പിന്മാറിയത്. ഇതിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.