തലശേരി: സിപിഎം പ്രവര്ത്തകന് പാനൂർ താഴയില്‍ അഷറഫിനെ നഗരമധ്യത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് ആർഎസ്എസ് പ്രവർത്തകർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതികൾ ചെയ്തുവെന്നും കുറ്റക്കാരാണെന്നും കണ്ടെത്തി തലശേരി സെഷൻസ് കോടതി ജഡ്ജി ടി.കെ.വിനോദ്കുമാറാണ് ശിക്ഷ വിധിച്ചത്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കുറ്റേരിയി താഴെകണ്ടി സുബിന്, മൊകേരി പുതിയോട്ട് അനീഷ്, മൊകേരി വലിയപറമ്പത്ത് രാജീവന്, തെക്കേ പാനൂർ പി.പി. പുരുഷോത്തമന്, പന്ന്യന്നൂർ എന്‍.കെ. രാജേഷ്, പന്ന്യന്നൂർ കെ.രതീശന് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ 22 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 34 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ ഉള്‍പ്പെടെ പത്ത് തൊണ്ടി മുതലുകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
2002 മേയ് അഞ്ചിന് ഉച്ചക്ക് 1.45ന് പാനൂര്‍ ടൗണില്‍ വച്ചാണ് അഷറഫ് കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രനാണ് ഹാജരായത്.
