Asianet News MalayalamAsianet News Malayalam

താജ് മഹല്‍ പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെ  നമസ്‌കാരം നിരോധിച്ചു

നമസ്‌കാരത്തിന് ദേഹശുദ്ധി നടത്തുന്നതിനുള്ള ജലസംഭരണി ഇന്നലെ ആര്‍ക്കിയോളജി അധികൃതര്‍ അടച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജുലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിശദീകരണം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

ASI bans namaz at Taj Mahal mosque on all days except Friday
Author
New Delhi, First Published Nov 5, 2018, 1:52 PM IST

ദില്ലി: താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്‌കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. നമസ്‌കാരത്തിന് ദേഹശുദ്ധി നടത്തുന്നതിനുള്ള ഹൗള്‍ (ജലസംഭരണി) ഇന്നലെ ആര്‍ക്കിയോളജി അധികൃതര്‍ അടച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജുലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിശദീകരണം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

താജ് മഹലിന്റെ സുരക്ഷ പരിഗണിച്ച്, പ്രദേശവാസികള്‍ അല്ലാത്തവര്‍ വെള്ളിയാഴ്ച പള്ളിയിലെത്തി ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നത് വിലക്കി പ്രാദേശിക ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവാണ് ജുലൈയില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നത്. ഇതിനെ തുടര്‍ന്ന് പുറത്തുള്ളവര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തുന്നത് തടഞ്ഞ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മാത്രമാണ് 12 മുതല്‍ രണ്ടു മണി വരെ ഇവിടെ ജുമുഅ നമസ്‌കാരത്തിനായി ടിക്കറ്റ് എടുക്കാതെ പ്രവേശിക്കാന്‍ കഴിയുന്നത്. അതിനിടെയാണ് ആര്‍ക്കിയോളജി സര്‍വേയുടെ പുതിയ വിലക്ക്. 

താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുമായി വരുന്നവര്‍ക്ക് ഇതുവരെ, ഈ ദിവസങ്ങളില്‍ പള്ളി കാണാനും നമസ്‌കാരം നടത്താനും കഴിയുമായിരുന്നു. എന്നാല്‍, ഇന്നലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉേദ്യാഗസ്ഥര്‍ നമസ്‌കാരത്തിനു മുമ്പ് ദേഹശുദ്ധി നടത്തുന്നതിനായി പള്ളിയോട് ചേര്‍ന്നു നിര്‍മിച്ച ജലസംഭരണി അടച്ചു. ഇതിനെ തുടര്‍ന്ന്, പള്ളിക്കു പുറത്ത് പലരും നമസ്‌കാരം നിര്‍വഹിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉദ്യോഗസ്ഥരുടെ നടപടി അസാധാരണമാണെന്ന് വര്‍ഷങ്ങളായി ഇവിടെ നമസ്‌കാരത്തിന് നേതൃ്വത്വം നല്‍കുന്ന ഇമാം സയ്യിദ് സാദിഖ് അലി പറഞ്ഞു.  വര്‍ഷങ്ങളായി നമസ്‌കാരം തുടരുന്ന പള്ളിയില്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരു കാരണവുമില്ലെന്ന്  താജ്മഹല്‍ ഇന്‍തിസാമിയ കൗണ്‍സില്‍ അധ്യക്ഷന്‍ സയ്യിദ് ഇബ്രാഹിം ഹുസൈന്‍ സൈദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മുസ്‌ലിം വിരുദ്ധ സമീപനങ്ങളുടെ ഭാഗമാണ് ഈ വിലക്കെന്നും ഇക്കാര്യത്തില്‍ ആര്‍ക്കിയോളജിക്:ല്‍ സര്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios