മലയാള ദൃശ്യമാധ്യമ രംഗത്ത് ഏഷ്യാനെറ്റ് ന്യൂസ് പുതിയൊരു ചരിത്രം കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവ് ഉപയോഗപ്പെടുത്തി ആനുകാലിക സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്ന മലയാള ദൃശ്യമാധ്യമ രംഗത്തെ പുതിയ പദ്ധതിക്ക് ഏഷ്യാനെറ്റ് ന്യൂസ് വ്യാഴാഴ്ച തുടക്കം കുറിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ ഇടത്-വലത് മുന്നണി കളുടെ പ്രകടന പത്രികകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഹ്രസ്വ ചര്‍ച്ചയാണ് ആദ്യമായി ഏഷ്യാനെറ്റ് ന്യൂസ്, ഫേസ്ബുക്ക് ലൈവ് വഴി സംപ്രേക്ഷണം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആര്‍ അജയഘോഷും ചീഫ് റിപ്പോര്‍ട്ടര്‍ കെജി കമലേഷും ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകുന്നേരം ഏഴു മണിക്ക് ആരംഭിച്ച പരിപാടി, വിവിധ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് മലയാളികള്‍ തത്സമയം വീക്ഷിച്ചു. പ്രേക്ഷകര്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരം നല്‍കിയ ചര്‍ച്ചയുടെ ഗതി നിര്‍ണ്ണയിച്ചതും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്നെയായിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന കാലത്ത് സൈബര്‍ ലോകത്ത് കൂടുതല്‍ സജീവമാകുന്നതിന്റെ ആദ്യപടിയാണ് ഈ ഫേസ്ബുക്ക് ലൈവ് സംപ്രേക്ഷണം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിന്റെ ഓഫീഷ്യല്‍ പാര്‍ട്ണറും ഏഷ്യാനെറ്റ് ന്യൂസാണ്. വരും ദിവസങ്ങളിലും വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളില്‍ ആഴത്തിലുള്ള വിശകലനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ലൈവില്‍ സജീവമാകും.
