കൊടും കാടിനുള്ളില്‍ താമസിക്കുന്ന അദിവാസികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി. പ്രായപൂ‍ര്‍ത്തിയായ ഓരോ പുരുഷനെയും ഒരു കുടുംബമായി കണ്ട് ഭൂമി വാങ്ങാന്‍ പത്തുലക്ഷം രൂപവീതം നല്‍കി ഇതിനോടകം 182 കുടുംബങ്ങളെ ഇതുപ്രകാരം പുറത്തെത്തിച്ചുവെന്നു വിവരാവകാശനിയമ പ്രകാരം കിട്ടിയ രേഖ പറയുന്നു. ഇതില്‍ 100 പേര്‍ക്ക് മാത്രമെ പണം പൂര്‍ണ്ണമായും നല്‍യിട്ടുള്ളെങ്കിലും പദ്ധതിക്ക് ഇതുവരെ ചിലവായത് ആകെ 20.44 കോടി രൂപയാണ്.

സ്വന്തമായി ഭൂമി കണ്ടെത്തിയ തന്നെ വനപാലകര്‍ കൂടിയ വിലക്ക് വാങ്ങിയ മോശം ഭൂമിയില്‍ പോകാന്‍ നിര്‍ബബന്ധിക്കുന്നെന്ന് കാണിച്ച് 2012 മെയ് 15ന് പദ്ധതിയുടെ ഗുണഫോക്താവായ കരിമ്പന്‍ എന്നയാള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിക്ക് പരിഹാരം കണ്ടോ എന്നറിയാല്‍ ഏഷ്യാനെറ്റ് വാര്‍ത്താ സംഘം കരിമ്പനെ തേടിപ്പോയി. കരിമ്പന്‍ നീതി ലഭിക്കാതെ മരിച്ചു. സ്വന്തം ഇഷ്‌ടപ്രകാരം കരിമ്പന്‍ കണ്ടെത്തിയ ഭൂമിയില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ താമസിക്കുന്നു. ജില്ലാ കളക്ടര്‍ ഇടപെട്ടതുകൊണ്ട് ഉടമക്ക് പണം കൊടുത്തു എന്നാല്‍ അഞ്ചു വര്‍ഷമായി ഭൂമി രജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ വനംവകുപ്പ് തയാറായിട്ടില്ല. ഭൂമി ഇപ്പോഴും ഉടമയുടെ പേരില്‍ തന്നെയാണ്. ഇവരില്‍ നിന്ന് പണം സ്വീകരിച്ച് ഉടമ തന്നെയാണ് ഇപ്പോഴും നികുതി അടയ്ക്കുന്നത്. ഉടമ പുറത്താക്കിയില്‍ മുന്നു കുടുംബങ്ങളും പെരുവഴിയിലാകും.

ഇനി ഇവര്‍ക്കുവേണ്ടി വനംവകുപ്പ് കണ്ടെത്തിയ ഭൂമിയാവട്ടെ ഒരു തരത്തിലും വാസയോഗ്യമല്ല. ഒരു കുത്തിറക്കം ഇറങ്ങിവേണം ഭൂമിയിലെത്താന്‍‍. പുനരധിവാസ പദ്ധതി പ്രകാരം ആറു കുടുംബങ്ങള്‍ അവിടെ ഇപ്പോള്‍ താമസിക്കുന്നുണ്ട്. എല്ലാവര്‍ക്കുമായി മൂന്ന് ഏക്കര്‍ ഭൂമിയുണ്ടെന്നായിരുന്നു വനം വകുപ്പിന്റെ ഉറപ്പ്. കാടിനു പുറത്തിറങ്ങിയവരുടെ വീടുകള്‍ വെറും പ്ലാസ്റ്റിക് കൂരയാണ്. ആദിവാസികളുടെ ഭവന നിര്‍മ്മാണത്തിനായി കോടികള്‍ ചിലവാക്കുന്നുണ്ടെങ്കിലും ഇവര്‍ക്കുമാത്രം അതൊന്നും ലഭിക്കുന്നില്ല.