ആലപ്പുഴ: ഏഷ്യാനെറ്റ്ന്യൂസ് ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദിനെതിരെ ഭീഷണിക്കത്ത്.തോമസ്ചാണ്ടിയോട് കളിക്കരുതെന്നും ഇനിയും തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നാണ് കത്തിലെ ഉള്ളടക്കം. പോലീസില്‍ പരാതി നല്‍കി. ഓഫീസ് ആക്രമിച്ച് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല.

കാറിന്റെ ചില്ല് തകര്‍ത്തത് ഒരു ചെറിയ വാണിംഗ് മാത്രമാണ്. ഇനിയും തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും. അതിന് നീ ഇടവരുത്തരുത്. ഇതാണ് ആരുടെയും പേരെഴുതാതെ തപാല്‍ വഴി അയച്ച കത്തിന്റെ ഉള്ളടക്കം. വൈകീട്ട് നാലു മണിയോടെ പോസ്റ്റുമാനാണ് കത്ത് ആലപ്പുഴ പഴവങ്ങാടിയിലെ ഏഷ്യാനെറ്റ്ന്യൂസ് ബ്യൂറോയില്‍ ഏല്‍പ്പിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് ഇന്നലെ പോസ്റ്റ് ചെയ്ത കത്താണിത് പോസ്റ്റ് കവറില്‍ ഒട്ടിച്ച നിലയിലായിരുന്നു.

അതേസമയം, ഏഷ്യാനെറ്റന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ആക്രമിച്ചവരെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആക്രമണം നടന്ന് അഞ്ച് ദിവസം കഴിയുമ്പോഴും സിസി ടിവി കേന്ദ്രീകരിച്ചും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല. അതിനിടയിലാണ് പുതിയ ഭീഷണി വന്നിരിക്കുന്നത്. ആലപ്പുഴ നഗരത്തിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരാളെ പോലും ഇതുവരെ കസ്റ്റഡിയിലെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല.