രണ്ടായിരത്തി പതിനഞ്ചില്‍ എല്ലാ തെരഞ്ഞെടുപ്പിലും തോറ്റ ബിജെപി അസമിലെ വിജയത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ബിഹാറിലെ തെറ്റ് തിരുത്തി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചും സഖ്യം രൂപീകരിച്ചുമാണ് ബിജെപി അസമില്‍ മത്സരിച്ചത്. വടക്ക് കിഴക്കന്‍ മേഖലയിലെ ഈ പ്രധാന സംസ്ഥാനത്തെ ഈ നേട്ടം ബിജെപിക്ക് വലിയ ആത്മ വിശ്വാസം പകരും.

കേരളത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിലും അക്കൗണ്ട് തുറന്നത് ദേശീയ തലത്തില്‍ സംഘപരിവാര്‍ ആശയത്തിന് മുതല്‍കൂട്ടാകും. തമിഴ്‌നാട്ടില്‍ വീണ്ടും അധികാരത്തിലെത്തിയ ജയലളിതയും പശ്ചിമബംഗാളില്‍ ഉന്നത വിജയം നേടിയ മമതയുമാണ് ഈ തെരഞ്ഞെടുപ്പിലെ താരങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലും വലിയ പ്രചരണം അതിജീവിച്ചാണ് ഇവര്‍ അധികാരത്തിലെത്തിയത്.

രണ്ടിടത്തും കോണ്‍ഗ്രസ് പ്രധാന എതിരാളിക്കൊപ്പം ചേര്‍ന്നത് തന്ത്രപരമായ പിഴവായി. ഇനി ജയലളിതക്കൊപ്പം മമതയും കേന്ദ്രത്തില്‍ ബിജെപിയോട് മൃദുസമീപനം കാണിക്കും. രാജ്യസഭയില്‍ പ്രധാന ബില്ലുകള്‍ പാസാക്കാന്‍ ഇത് മോദിയെ സഹായിക്കും.. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനും ബിജെപിക്ക് കഴിയും.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള വീഴ്ചയില്‍ നിന്ന് കരകയറാന്‍ ഇനിയും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇനി കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുന്ന പ്രധാന സംസ്ഥാനം കര്‍ണാടകം മാത്രമാണ്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തോട് പാര്‍ട്ടിക്കുള്ളിലെ അതൃപ്തി കൂടുമെന്ന് ഉറപ്പാണ്. നരേന്ദ്രമോദി വിരുദ്ധ പക്ഷത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് പുതിയ സാഹചര്യത്തില്‍ പ്രദേശിക പാര്‍ട്ടികളുടെ പിന്തുണയും കിട്ടില്ല.