ദില്ലി: ഇതുവരെ എത്ര ദളിതര്‍ക്കും മുസ്ലീങ്ങൾക്കും ഭാരതരത്ന നൽകിയിട്ടുണ്ടെന്ന് എഐഎംഐഎം മേധാവി അസാസുദ്ദീൻ ഒവൈസി. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരത്തിനെക്കുറിച്ച് വിവിധയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഒവൈസി രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഇതുവരെ എത്ര ദളിതർക്കും ആദിവാസികൾക്കും മുസ്ലീംങ്ങൾക്കും പാവപ്പെട്ടവർക്കും ബ്രാഹ്മണരല്ലാത്ത മേൽജാതിക്കാർക്കും ഭാരത രത്ന കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒവൈസിയുടെ ചോദ്യം. 

നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അംബേദ്കറിന് ഭാരതരത്ന നൽകിയത്. അല്ലാതെ പൂർണ്ണമനസ്സോടെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി യു​ഗത്തിൽ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച സവർക്കർക്ക് ഭാരതരത്ന നൽകിയില്ലെന്ന വിമർശനവുമായി ശിവസേനയും രം​ഗത്തെത്തി. നിർഭാ​ഗ്യകരം എന്നായിരുന്നു ശിവസേനയുടെ പ്രതികരണം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ​ഗായകൻ ഭൂപൻ ഹസാരിയ, നാനാജി ദേശ്മുഖ് എന്നിവർക്കാണ് ഭാരത രത്ന ബഹുമതി നൽകിയത്.