തിരുവനന്തപുരം: സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നു. സഹകരണസംഘങ്ങള്‍ക്ക് പ്രവര്‍ത്തനനുമതി നല്‍കണമെന്നും, അസാധു നോട്ടുകള്‍ മാറാന്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭയില്‍ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രമയേം നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യാഴാഴ്ച സര്‍വ്വകക്ഷി സംഘം ദില്ലിക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് പ്രമേയത്തില്‍ ആരോപിച്ചു. കള്ളപ്പണം ഇല്ലാതാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. കറന്‍സി പിന്‍വലിച്ചത് കൊണ്ട് കള്ളപ്പണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. കള്ളപ്പണക്കാരുടെ പട്ടിക തലയിണയ്ക്ക് അടിയില്‍ വച്ച് മോദി ഉറങ്ങുന്നു. ഇത് പ്രസിദ്ധീകരിക്കാന്‍ മോദിക്ക് എന്താണിത്ര മടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഹുണ്ടിക പിരിവുകാരില്‍ നിന്ന് സംഘങ്ങള്‍ കര്‍ഷകരെ രക്ഷിച്ചു. കേരളത്തിന് നല്‍കുന്ന ഉറപ്പുകളല്ല ധനമന്ത്രി നടപ്പാക്കുന്നത്. രാജഗോപാല്‍ കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു രൂപ പോലും ആര്‍ക്കും നഷ്ടമാകില്ല. എല്ലാ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി ജെ പി അംഗം ഒ രാജഗോപാലിന്റെ ഭേദഗതി നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് പ്രമേയം പാസാക്കിയത്. നിഷേധവോട്ടിന്റെ ബലം മാത്രമുള്ള ഭേദഗതി അവതരിപ്പിക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാജഗോപാലിന്റെ ഭേദഗതി നിര്‍ദ്ദേശം തള്ളിയത്.
