തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ച് മുന്‍ സഹകരണ രജിസ്ട്രാറുടെ സ്വത്ത് തട്ടിയ കേസില്‍ ഒഴിയാതെ ദുരൂഹതകള്‍. അന്വേഷണമാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളായ ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും എവിടെയാണെന്ന് ഇനിയും വിവരമില്ല. ഇതോടൊപ്പം, മരിച്ച ബാലകൃഷ്ണന്റെ ഭാര്യയെന്ന് വ്യാജരേഖയുണ്ടാക്കിയ ജാനകിക്ക് ജാമ്യം ലഭിച്ചതും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. അതിനിടെ പയ്യന്നൂരിലെ ശൈലജയുടെ വീടിന് നേരെ ഇന്ന് അജ്ഞാതരുടെ കല്ലേറുണ്ടായി. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

ശൈലജയും ഭര്‍ത്താവും എറണാകുളത്ത് തന്നെയുണ്ടെന്നാണ് പൊലീസിന്റെ വിവരം. പക്ഷെ ഇവര്‍ ഫോണ്‍ കൈയിലെടുക്കാതെ വീട്ടില്‍ വെച്ചിരിക്കുന്നതിനാല്‍ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് പിടികൂടാനാകുന്നില്ല. ഇവര്‍ എവിടെയാണെന്ന് മകള്‍ക്കും വിവരമില്ല. പയ്യന്നൂരിലെ വീട്ടിലും ആരുമില്ല. തിങ്കളാഴ്ച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പായി ഒളിത്താവളം കണ്ടെത്തി പിടികൂടി പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് വലവിരിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ശൈലജയുടെ പയ്യന്നൂര്‍ തായിനേരിയിലെ വീടിന്നേരെ കല്ലേറുണ്ടായിരിക്കുന്നത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ശൈലജയും ഭര്‍ത്താവും പിടിയിലാകാതെ കഴിയുന്നതിന് പുറമെ ജാനകിക്ക് ജാമ്യം ലഭിക്കുക കൂടി ചെയതതോടെ ഇവര്‍ സ്വാധീനിക്കപ്പെടാനുമുള്ള സാധ്യതയേറുകയാണ്. ഉദ്യോഗസ്ഥരാഷ്ട്രീയ തലങ്ങളില്‍ വലിയ ബന്ധങ്ങളാണ് ശൈലജക്കുള്ളത് എന്നതും ഈ ആശങ്കയെ ശരിവെക്കുന്നു.

ബാലകൃഷ്ണന്റെ ഭാര്യയായി ഷൈലജ അവതരിപ്പിച്ച സഹോദരി ജാനകിയെ ഇന്നലെ ഉച്ചയോടെയാണ് പോലീസ് അറസ്റ്റു ചെയ്തത് പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ പ്രായം പരിഗണിച്ച് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഷൈലജ തന്നെഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും, ബാലകൃഷ്ണനെ വിവാഹംചെയ്തിട്ടില്ലെന്നുമാണ് ജാനകി പൊലീസിന് നല്‍കിയ മൊഴി. കുടുംബപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും, സ്ഥലവും, ബാങ്കിലെ പണവും ജാനകി മുഖേനയാണ് പ്രതികള്‍ കൈമാറ്റം ചെയ്തത്.

37 വര്‍ഷം പിറകിലെ ഇല്ലാത്ത വിവാഹ സര്‍ട്ടിഫിക്കറ്റും, പിന്തുടര്‍ച്ചാവകാശ രേഖയും വ്യാജമായി ദിവസങ്ങള്‍ കൊണ്ട് നേടിയെടുത്ത് സ്വത്തുക്കള്‍ തട്ടിയ ശൈലജയുടെ വൈദഗ്ദ്യം സിനിമാക്കഥയെ വെല്ലുന്നതാണ്. 2011ല്‍ തിരുവനന്തപുരത്തു അസുഖബാധിതനായ ബാലകൃഷ്ണനെ ഷൈലജയും കൃഷ്ണകുമാറും തിടുക്കപ്പെട്ട് കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് മുതലാണ് തട്ടിപ്പിന്റെ തുടക്കം. മരണത്തിനു മുന്‍പേ സ്വത്തുക്കള്‍ എഴുതിവാങ്ങാനായിരുന്നു ഇത് എന്നാണ് പൊലീസിന്റെ നിഗമനം. വഴിയില്‍ വെച്ച് ബാലകൃഷ്ണന്‍ മരിച്ചതോടെ ഈ നീക്കം നടന്നില്ല. അസ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിട്ടും ഷൊര്‍ണൂരില്‍ വെച്ച് ആരുമറിയാതെ ഇവര്‍ മൃതദേഹം സംസ്‌കരിച്ചു. തന്റെ സഹോദരിയായ ജാനകിയുമായി ബാലകൃഷ്ണന്റെ വിവാഹം നടന്നെന്ന് വ്യാജരേഖയുണ്ടാക്കിയാണ് ശൈലജ സ്വത്ത് കൈക്കലാക്കിയത്.

ഈ രേഖകള്‍ നിര്‍മ്മിച്ചെടുക്കാന്‍ അസാധാരണമാം വിധം സ്വാധീനം ശൈലജ ഉദ്യോഗസ്ഥരില്‍ ചെലുത്തി. സാധാരണ ഒരു വര്‍ഷമെങ്കിലും താമസമെടുക്കുന്ന പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ശൈലജ ഒരുമാസം കൊണ്ടാണ് തയ്യാറാക്കി എടുത്തത്.