ജോലി ഭാരം കാരണം മുപ്പത് വയസില്‍ താഴെയുള്ള എസ്‌ഐമാര്‍ വരെ സ്‌ട്രെസും സ്‌ട്രെയിനും കാരണം രോഗബാധിതരാകുന്നു. ആഴ്ചയില്‍ ഒരു അവധി എങ്കിലും നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളൂ.  

കോഴിക്കോട്: പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത് എന്താണെന്ന് അറിയാത്ത ഉദ്യോഗസ്ഥരാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് കോഴിക്കോട് സൗത്ത് അസി. കമ്മിഷണര്‍ കെ.പി. അബ്ദുള്‍ റസാഖ്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. 

പരിഷ്‌കാരവുമായി എത്തുന്നത് സിഐമാരെ എസ്എച്ച്ഒമാരാക്കി (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍). എന്നാല്‍ ജോലി ഭാരമുള്ള സ്റ്റേഷനുകളില്‍ ഇപ്പോഴും എസ്‌ഐമാരാണ് എസ്എച്ച്ഒമാര്‍. അത്തരം സ്‌റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വലിയ കേസുകള്‍ പഴയ സിഐ അന്വേഷിക്കണം എന്നാണ് ഉന്നതങ്ങളില്‍ നിന്ന് പറയുന്നത്. ആദ്യ ദിവസത്തെ അന്വേഷണം കഴിഞ്ഞ് കേസ് ഡയറി കൈമാറിയാല്‍ സിഐയുടെ ജോലി കഴിഞ്ഞു. 

പ്രതിയെ കണ്ടെത്തലും തെളിവുകള്‍ ശേഖരിക്കലുമെല്ലാം പരിചയ സമ്പത്ത് കുറഞ്ഞവര്‍ ചെയ്യണം. കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ എല്ലാ കേസുകളിലും കോടതിയില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വരും. കൂടാതെ സ്‌റ്റേഷന്‍ പ്രവര്‍ത്തനത്തിന് ആളെ തികയാതെ ഇരിക്കുമ്പോഴാണ് പിങ്ക് പോലീസ്, ചൈല്‍ഡ് ഫ്രണ്ട് ലി സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ട് വരുന്നത്. അതിനും സ്റ്റേഷനില്‍ നിന്ന് ആളെ നല്‍കണം. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നവര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്നു. സ്റ്റേഷന്‍ കാര്യങ്ങര്‍ അറിയാത്തവരാണ് ഇത്തരം പരിഷ്‌കാരങ്ങളുമായി എത്തുന്നത്. 

ജോലി ഭാരം കാരണം മുപ്പത് വയസില്‍ താഴെയുള്ള എസ്‌ഐമാര്‍ വരെ സ്‌ട്രെസും സ്‌ട്രെയിനും കാരണം രോഗബാധിതരാകുന്നു. ആഴ്ചയില്‍ ഒരു അവധി എങ്കിലും നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളൂ. പോലീസ് സേന ഇപ്പോഴും കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്ന് മുക്തമായിട്ടില്ല. ലോകത്തുള്ള മുഴുവന്‍ രാജ്യങ്ങളിലും പോലീസില്‍ നിന്ന് കാക്കി ഉപേക്ഷിച്ചു. യൂണിഫോം പരിഷ്‌കരണ കമ്മിറ്റി കാക്കി മതിയെന്ന നിലപാടിലാണ്. 

എത്ര നാള് വേണമെങ്കിലും കഴുകാതെ ഇടാം എന്നതിനപ്പുറം ഒരു പ്രയോജനവും ഇല്ല. യൂണിഫോം മാറ്റത്തിന് പോലീസിലെ ഉന്നതര്‍ അനുവദിക്കിത്തതിന് കാരണം അവര്‍ കൊളോണിയല്‍ സംസ്‌കാരത്തിന്റെ ശേഷിപ്പായത് കൊണ്ടാകാമെന്നും റസാഖ് പറഞ്ഞു. 60 വയസില്‍ സര്‍വീസ് കഴിഞ്ഞ് മൂന്നും നാലും വര്‍ഷം കഴിയുമ്പോഴാണ് ഐപിഎസ് ഔദാര്യം പോലെയാണ് നല്‍കുന്നത്. ഐപിഎസ് ആരുടെയും ഔദാര്യമല്ല. അത് ജോലി ചെയ്യുന്നതിനുള്ള അംഗീകാരമാണെന്നും കെ.പി. അബ്ദുള്‍ റസാഖ് പറഞ്ഞു.