അശ്വതി ജ്വാലക്കെതിരായ അന്വേഷണം തന്നെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അശ്വതി ജ്വാല

തിരുവനന്തപുരം:ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിക്കെതിരെ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചു. ലിഗയുടെ മരണത്തിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളത് സത്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഒരാള്‍ ഒറ്റപ്പെട്ടാല്‍ സഹായിക്കേണ്ടെയെന്നും അശ്വതി ജ്വാല ചോദിച്ചു.

ടൂറിസം മാഫിയക്കെതിരെ, വീഴ്ചകള്‍ വന്ന ഗവണ്‍മെന്‍റിനെതിരെ, വീഴ്ചകള്‍ വന്ന പൊലീസിനെതിരെ സംസാരിച്ചു എന്നതിന്‍റെ പേരിലാണ് തന്നെ വേട്ടയാടുന്നത്. അഞ്ചുവര്‍ഷമായിട്ട് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തനിക്കെതിരെ ഒരു പരാതി പോലും വന്നിട്ടില്ലെന്നും കേരളാ സമൂഹം തന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും അശ്വതി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് അന്വേഷണം ഊര്‍ജ്ജിതമായത്. 

 ഏത് കള്ളക്കേസ് ചുമത്തി ജയിലിലിട്ടാലും തനിക്ക് ആത്മസംതൃപ്തി ഉണ്ടെന്നും അതില്‍ തന്നെ മുന്നോട്ട് പോകുമെന്നും അശ്വതി പറഞ്ഞു. എത്രയോ ആള്‍ക്കാര്‍ നാടിന് വേണ്ടി ബലിയാടായിട്ടുണ്ടെന്നും അതുപോലെ ഒരു ബലിയാടായി നിന്നാലും ഈ നാടിന് ഒരു തിരുത്തലുണ്ടാകുമെങ്കില്‍ യാതൊരു വിഷമവുമില്ലന്നും അശ്വതി പറഞ്ഞു. തന്നെയും തന്‍റെ പ്രവര്‍ത്തനങ്ങളെയും തന്നെ വിശ്വസിച്ചിരിക്കുന്ന അനാഥരായ ഒരുപാട് പേരുടെ പ്രതീക്ഷകളും തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും അശ്വതി ജ്വാല പ്രതികരിച്ചു.