കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ ജനൽചില്ലുകൾ തകർന്നു. സംഭവത്തിന് പിന്നിൽ ജനപക്ഷമാണെന്ന് കേരള കോൺഗ്രസ് ആരോപിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ മഹാസമ്മേള നത്തോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെയും പ്രകടനങ്ങളുടെയും ഒടുവിലാണ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമണം.

രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. മഹാസമ്മേളനത്തിൽ 15000ത്തിൽ കൂടുതൽ പേർ പങ്കെടുത്താൽ പട്ടിക്കുള്ള ചോറു കഴിക്കാമെന്ന പി സി ജോർജിന്റെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിൽ പ്രതിഷധിച്ച് ജനപക്ഷം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിനിടയിലാണ് കേരള കോൺഗ്രസ് എമ്മിന്റെ ഓഫീസിന് നേരെ കല്ലേറുണ്ടായത്. 

ഓഫിസിലെ ജനൽചില്ലുകളും ബാനറുകളും തകർന്നിട്ടുണ്ട്. സംഭവസമയത്ത് ഓഫീസ് സെക്രട്ടറി മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ 14 പേരെ കസ്റ്റഡിയിലെടുത്തു. ജനപക്ഷം പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.