കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ആക്രമണത്തിനിടെ യുവതിക്ക് കുത്തേറ്റു. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപികയ്‌ക്കാണ് കുത്തേറ്റത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അബ്ബാസിയായിലെ ട്വന്റിഫോര്‍ ഫാര്‍മസി സ്ഥിതിചെയ്യുന്ന ഫ്‌ളാറ്റിലെത്തിയ ഗോപിക താക്കോല്‍ എടുക്കാന്‍ മറന്നു പോയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബിജേയെ വിളിച്ച് കാര്യം പറഞ്ഞശേഷം താക്കോലിനായി കാത്ത് നില്‍ക്കവേയാണ് ആക്രമണമുണ്ടായത്. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കണ്ണിന് താഴെയും, കാലിലും, വയറിലുമായി മൂന്ന് കുത്താണേറ്റത്.

പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്, രണ്ടാം നിലയില്‍ നിന്ന് ചോരയും ഒലിപ്പിച്ച് താഴെ എത്തിയ ഗോപിക ബില്‍ഡിംഗിന്റെ കാവല്‍ക്കാരനേയും സമീപത്തെ കടകളിലെ ജീവനക്കാരോടെ വിവിരം ധരിപ്പിച്ചു. ഉടന്‍തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു.പോലീസ് ആബുലന്‍സുമായെത്തി ഇവരെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കുകയും ചെയ്തു. ഇപ്പോഴും ഐസിയുവില്‍ തന്നെയാണങ്കില്ലും ഗോപികയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഭര്‍ത്താവ് ബിജേ 'ഏഷ്യാനെറ്റ് ന്യൂസിനേട് 'പറഞ്ഞു. അബ്ബാസിയ ഉള്‍പ്പെടുന്ന ജലീബ് അല്‍ഷുവൈഖ് എരിയായിലെ പോലീസ് , സമീപത്തുള്ള കടയിലെ സി.സി.റ്റി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെയില്‍ നിരവധി ആക്രമസംഭവങ്ങളാണ് അബ്ബാസിയായില്‍ മലയാളികള്‍ക്ക് നേരെ നടന്നിട്ടുള്ളത്. പലതിലും പരാതി പോലും നല്‍കാത്ത അവസ്ഥയാണുള്ളത്. ഇത് അക്രമം വര്‍ധിക്കാന്‍ കാരണമാകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.