കോഴിക്കോട്: സാമൂഹിക നീതിവകുപ്പ് സംഘടിപ്പിച്ച കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരമേഖലാ എഡിജിപിക്കാണ് അന്വേഷണ ചുമതല.
കസബ എസ്ഐയും രണ്ട് പോലീസുകാരും ചേർന്നാണ് കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ജാസ്മിന്‍, സുസ്മിത എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചത്. നൃത്ത പരിശീലനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പൊലീസ് ഇവരെ തടഞ്ഞ് വച്ച് മര്‍ദ്ദിച്ചത്.
രണ്ടരയോടെയാണ് ആക്രമണം നടന്നത്. നീയൊന്നും രാത്രി പുറത്തിറങ്ങരുതെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം.കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജാസ്മിനും സുസ്മിതക്കും ആന്തരിക പരിക്കുകളുള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു.
ലാത്തിക്കൊണ്ടുള്ള മർദ്ദനത്തിൽ ജാസ്മിന്‍റെ പുറത്തു സാരമായ പരിക്കുകളേറ്റിട്ടുണ്ട്. സുസ്മിതയുടെ കൈ ഒടിയുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തങ്ങൾക്കു നേരെ ആക്രമണം ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.
