ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിയമവിദ്യാര്‍ത്ഥിനിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം മുത്തലാഖ് കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു സംഭവം. കോടതി മുറിയില്‍ സന്ദര്‍ശകന്‍റെ വേഷത്തിലെത്തിയ ചെറുപ്പക്കാരനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. സിവിലിയന്‍ വേഷത്തിലായിരുന്നു ഇയാള്‍ കോടതിയിലെത്തിയത്.

കോടതിയില്‍ സന്ദര്‍ശക ഗാലറിയിലിരുന്ന ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ഉച്ചത്തില്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇയാള്‍ കോടതിമുറയില്‍ നിന്നും പെട്ടെന്ന് പുറത്തേക്ക് പോകുകയായിരുന്നു. ഈ സമയം ചീഫ് ജസ്റ്റിസ് മുത്തലാക്ക് കേസില്‍ വാദം കേള്‍ക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ അകത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുന്നത് ഇതാദ്യമല്ല. 2015ല്‍ യാക്കൂബ് മേമന്‍ കേസില്‍ വാദം നടക്കുമ്പോഴും സമാനരീതിയില്‍ അതിക്രമം നടന്നിരുന്നു. ഒരു അഭിഭാഷകന്‍ തന്നെയായിരുന്നു അന്ന് സ്ത്രീയോട് മോശമായി പെരുമാറിയത്. ഇയാള്‍ പിന്നീട് മാപ്പുപറഞ്ഞിരുന്നു.

എന്തായാലും സ്ത്രീകളുടെ അവകാശങ്ങളെച്ചൊല്ലിയുള്ള മുത്തലാക്ക് കേസില്‍ വാദം നടക്കുന്നതിനിടയില്‍, സ്ത്രീസുരക്ഷയെപ്പറ്റി ഇഴകീറി പരിശോധിക്കുന്നതിനിടയില്‍, പരമോന്നത നീതി പീഠത്തിനു തൊട്ടരികില്‍ വച്ച് ഒരു സ്ത്രീ അക്രമത്തിനിരയായ സംഭവം ഏറെ അമ്പരപ്പാണ് ഉളവാക്കുന്നത്.