കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം സനലിന്‍റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്‍റെ വായിലേക്ക് പൊലീസുകാർ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.  

തിരുവനന്തപുരം: വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്‍റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡിവൈഎസ്പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്‍റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്‍റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നാളെ നല്‍കും.

അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം സനലിന്‍റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്‍റെ വായിലേക്ക് പൊലീസുകാർ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.