കൊല്ലം: കെപിസിസി പ്രസിഡന്റ് സമ്മാനിച്ച പുരസ്‌കാരത്തെ ചൊല്ലി, കൊല്ലം കോണ്‍ഗ്രസില്‍ വിവാദം. അന്‍പതിനായിരത്തി ഒന്നു രൂപ പുരസ്‌കാരത്തുക പ്രഖ്യാപിച്ച ശേഷം, അതിനായിരത്തി ഒന്ന് രൂപയുടെ ചെക്ക് നല്‍കിയത് പാര്‍ട്ടിയെ അപമാനിക്കലാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ഡിസിസി യോഗത്തില്‍ നിലപാടെടുത്തു. എന്നാല്‍ വിവാദത്തിനില്ലെന്നാണ് പുരസ്‌കാരം സ്വീകരിച്ച വ്യക്തിയുടെ നിലപാട്.
പന്തളം സുനില്‍ ഫൗണ്ടേഷന്റെ രാഷ്ട്രസേവ പുരസ്‌കാരമാണ് കൊല്ലം ഡിസിസിയില്‍ തര്‍ക്കവിഷയമായത്. കോണ്‍ഗ്രസ് മുന്‍ നേതാവ് പന്തളം സുനിലിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം, സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ കെ.രവീന്ദ്രന്‍ നായര്‍ക്കാണ് ഇക്കുറി നല്‍കിയത്. വിജയിയെ
തെരഞ്ഞെടുത്ത ശേഷം, ആഘോഷപൂര്‍വ്വം 50,0001 രൂപ പുരസ്‌കാരത്തുകയായി പ്രഖ്യാപിച്ചു. രോഗബാധിതനായി വീട്ടില്‍ വിശ്രമിച്ച രവീന്ദ്രന്‍ നായര്‍ക്ക്, കെപിസിസി അധ്യക്ഷന്‍ തന്നെ വീട്ടിലെത്തി പുരസ്‌കാരവും നല്‍കി. എന്നാല്‍ ചടങ്ങെല്ലാം കഴിഞ്ഞ്, കവര്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പതിനായിരത്തിയൊന്ന് രൂപയുടെ ചെക്ക്. സംഗതി പുറത്തറിഞ്ഞതോടെ വിവാദമായി. പാര്‍ട്ടിയെ അപമാനിക്കുന്ന നടപടിയെന്നാണ് വിമര്‍ശനം.
പന്തളം സുനിലിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്റമായ വിഷ്ണു സുനിലാണ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയില്‍ കുറച്ചുനാളായി തുടരുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് പുതിയ വിവാദമെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. എന്തായാലും, പുരസ്‌കാര തുക കുറഞ്ഞതിന്റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ഇല്ലെന്നാണ് രവീന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ നിലപാട്.
