ദില്ലി: അയോധ്യ കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് അഞ്ചിന് നല്‍കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. യു പി സർക്കാർ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെ ചൊല്ലി രാം ജന്മഭൂമി ന്യാസിന്‍റെയും സുന്നി വഖ്‍ഫ് ബോർഡിന്റെയും അഭിഭാഷകർ തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് മധ്യസ്ഥ ചർച്ച ആലോചിക്കുകയാണെന്ന് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയത്. 

ഗൗരവതരമായി മധ്യസ്ഥചർച്ചയെക്കുറിച്ച് ആലോചിക്കേണ്ടതാണെന്ന് പറഞ്ഞ സുപ്രീംകോടതി, ചർച്ചയ്ക്ക് അവസാന അവസരം നൽകുകയാണെന്നും വ്യക്തമാക്കി.

എന്നാല്‍ മധ്യസ്ഥ ശ്രമങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നാണ് സുന്നി വഖഫ് ബോർഡ് അഭിഭാഷന്‍ രാജീവ് ധവാന്‍ മറുപടി നല്‍കിയത്. സുപ്രീം കോടതി മുഖേന മധ്യസ്ഥശ്യമങ്ങൾ നടന്നിട്ടില്ലെന്നും ഇരു കക്ഷികളെയും ഒന്നിച്ചിരുത്തിയുള്ള മധ്യസ്ഥ ചർച്ച കോടതി ആലോചിക്കുകയാണെന്നും ബോബ്‍ഡെ വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള സ്വത്ത് തർക്കം മാത്രമായാണോ ഇതിനെ കാണുന്നതെന്ന് ചോദിച്ച ബോബ്ഡെ ഇരു കക്ഷികളും തമ്മിലുള്ള മുറിവുണക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും പറഞ്ഞു. 

അതേസമയം രാമക്ഷേത്രം അയോധ്യയിൽ നിലനിന്നിരുന്നെന്ന് അവകാശപ്പെടുന്ന ചരിത്രരേഖകളുടെ പരിഭാഷയുടെ കൃത്യത പരിശോധിക്കണമെന്ന് സുന്നി അഭിഭാഷകൻ രാജീവ് ധവാൻ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് വർഷം മുമ്പ് തയ്യാറാക്കിയ പരിഭാഷയെ പറ്റി ഇപ്പോൾ തർക്കം ഉന്നയിക്കുന്നത് ശരിയല്ലെന്ന് രാം ജന്മഭൂമി ന്യാസ് അഭിഭാഷകൻ സി എസ് വൈദ്യനാഥൻ വാദിച്ചു. 

തർക്കം ഉണ്ടെങ്കിൽ വാദം കേൾക്കൽ നീട്ടേണ്ടി വരുമെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് പരിശോധനക്ക് എത്ര സമയം വേണ്ടിവരുമെന്ന് സുന്നി വഖഫ് ബോർഡിനോട് ചോദിച്ചു. പരിഭാഷക്ക് 8 മുതൽ 12 ആഴ്ച വരെ വേണമെന്ന് സുന്നി ബോർഡ് മറുപടി നല്‍കി.