അയോധ്യ തര്‍ക്കത്തിൽ ഭരണഘടനപരമായ തീര്‍പ്പാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും അയോധ്യയിലെ രാമക്ഷേത്ര വിഷയം ഉയര്‍ത്തി രംഗത്തെത്തിയത്.

ദില്ലി: അയോധ്യകേസ് വൈകുന്നതിൽ കേന്ദ്ര സര്‍ക്കാരിന് അതൃപ്തി. കേസ് ഇനിയും വൈകിപ്പിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. അയോധ്യകേസ് പരിഗണിക്കുന്നത് ഈമാസം 29ൽ നിന്ന് സുപ്രീംകോടതി മാറ്റിയിരുന്നു.

അയോധ്യ തര്‍ക്കത്തിൽ ഭരണഘടനപരമായ തീര്‍പ്പാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും അയോധ്യയിലെ രാമക്ഷേത്ര വിഷയം ഉയര്‍ത്തി രംഗത്തെത്തിയത്. 70 വര്‍ഷമായി തുടരുന്ന കേസ് ഇനിയും അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കേസിൽ വേഗം വിധിയുണ്ടാകണമെന്നും കേന്ദ്രനിയമമന്ത്രി പറഞ്ഞു.

ഈമാസം 29ന് അയോധ്യകേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കാനിരുന്നതാണ്. എന്നാൽ ഭരണഘടന ബെഞ്ചിലെ ഒരു ജഡ്ജിയുടെ അസൗകര്യത്തെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെച്ചു. ഇതിൽ കേന്ദ്ര സര്‍ക്കാരിന്‍റെ അതൃപ്തിയാണ് രവി ശങ്കര്‍ പ്രസാദ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്. അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രികയിലൂടെ ബി ജെ പി അവകാശപ്പെട്ടിരുന്നു. 

വീണ്ടും ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന കോടതി വിഷയം എന്ന് മാത്രം പറഞ്ഞ് ബി ജെ പിക്ക് മുന്നോട്ടുപോകാനാകില്ല. ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്, വി എച്ച് പി സംഘടനകൾ ആവശ്യപ്പെടുന്നത്. അയോധ്യയിലെ കോടതി തീര്‍പ്പ് വേഗത്തിൽ വേണമെന്ന് വരും ദിവസങ്ങളിൽ കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടേക്കും.